വാഷിങ്ടൺ: കാലിഫോർണിയയിൽ ആപ്പിൾ സ്റ്റോറിൽ പട്ടാപ്പകലിൽ വൻ കവർച്ച. മാസ്‌ക് ധരിച്ചെത്തിയ യുവാവ് 50 ഐഫോണുകളാണ് സ്‌റ്റോറിൽനിന്ന് മോഷ്ടിച്ചത്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.
ഫെബ്രുവരി അഞ്ചിന് ബെർക്ലിയിലെ എമറിവില്ലിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു മുഖംമൂടി ധരിച്ചെത്തിയ യുവാവിന്റെ മോഷണം. ഡിസ്‌പ്ലേയ്ക്കു വച്ച ഐഫോണുകൾ ഓരോന്നും പാന്റ്‌സിന്റെ പോക്കറ്റിലും അകത്തും കുത്തിനിറയ്ക്കുകയായിരുന്നു ഇയാൾ. തുടർന്ന് സ്‌റ്റോറിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ രക്ഷപ്പെടുകയായിരുന്നു മോഷ്ടാവ്.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. കവർച്ചയ്ക്കിടെ സ്‌റ്റോറിലെ ജീവനക്കാരോ ഉപഭോക്താക്കളോ ആരും ഇയാളെ തടയാൻ ശ്രമിക്കുന്നില്ലെന്നു ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. സ്‌റ്റോറിനു മുന്നിൽ പൊലീസ് വാഹനവും നിർത്തിയിട്ടിരുന്നു. ഉദ്യോഗസ്ഥരാരും വാഹനത്തിലോ പരിസരത്തോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.