ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഇസ്രേലിവിരുദ്ധ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നല്കിയ പലസ്തീൻ വിദ്യാർഥി മഹ്മൂദ് ഖലീലിനെ കുടിയേറ്റവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. ഗ്രീൻ കാർഡ് സ്വന്തമായുള്ള ഖലീലിനെ ശനിയാഴ്ച യൂണിവേഴ്സിറ്റി വസതിയിൽനിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഗാസയിലെ ഹമാസ് ഭീകരരുടേതുപോലുള്ള പ്രവൃത്തികൾക്കു നേതൃത്വം നല്കിയതിന്റെ പേരിലാണ് അറസ്റ്റെന്ന് യുഎസ് അധികൃതർ അറിയിച്ചു. അതേസമയം, ഹമാസിനു ഖലീൽ ഏതെങ്കിലും തരത്തിലുള്ള പിന്തുണ നല്കിയെന്നു വ്യക്തമാക്കിയിട്ടില്ല.
ഹമാസിനെ പിന്തുണയ്ക്കുന്നവരുടെ ഗ്രീൻ കാർഡും വീസയും റദ്ദാക്കി അമേരിക്കയിൽനിന്നു പുറത്താക്കുമെന്ന്, ഖലീലിന്റെ അറസ്റ്റ് വാർത്ത പങ്കുവച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സമൂഹമാധ്യമത്തിൽ അറിയിച്ചു. അതേസമയം, പൗരാവകാശ സംഘടനകൾ അറസ്റ്റിനെ വിമർശിച്ചു.
ഗാസാ യുദ്ധത്തിനിടെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ അമേരിക്കയിലെ അനേകം കാന്പസുകളിലേക്കു പടർന്നിരുന്നു. ഇതിന്റെ പേരിൽ കൊളംബിയ യൂണിവേഴ്സിറ്റിക്കുള്ള സർക്കാർ ധനസഹായം ട്രംപ് ഭരണകൂടം തടഞ്ഞിരുന്നു. ട്രംപ് ഭരണകൂടം തന്നെ ലക്ഷ്യമിടുമെന്ന സൂചന ഖലീലും നല്കിയിരുന്നു.