ഗാസ: ഗാസയുടെ തീരത്തു താത്കാലികമായി നിർമിച്ച കടൽപ്പാലത്തിലൂടെ മാനുഷിക സഹായം വൈകാതെ എത്തുമെന്നു യുഎസ് സേനാ വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേൽ അതിർത്തികൾ അടയ്ക്കുക കൂടി ചെയ്തതോടെ സഹായം എത്തിക്കാൻ ഒരു വഴിയും ഇല്ലാതായ ഗാസയിൽ ഈ സംവിധാനം ആശ്വാസമാകും എന്നാണ് പ്രതീക്ഷ.
കടൽത്തീരത്തു കൂടി ട്രക്കുകളിൽ സഹായം വരും ദിവസങ്ങളിൽ ജനങ്ങൾക്ക് എത്തിക്കാൻ കഴിയുമെന്നു യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) വ്യാഴാഴ്ച പറഞ്ഞു. ഗാസയിൽ താത്കാലിക തുറമുഖം നിർമിക്കുന്നതിനെ എതിർക്കുന്ന ഇസ്രയേൽ ഈ സംവിധാനവും സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ പദ്ധതിക്കു പിന്തുണ നൽകുമെന്നു ഇസ്രയേലി സൈനിക വക്താവ് ലെഫ്. കേണൽ നാദവ് ശോശാനി വ്യാഴാഴ്ച പറഞ്ഞു. ഇസ്രയേലി നാവിക സേനയും 99ആം ഡിവിഷനും സഹായിക്കുന്നുണ്ട്.
സൈപ്രസിൽ നിന്നു മെഡിറ്ററേനിയൻ കടൽ വഴിയാണ് ഭക്ഷണവും മരുന്നും മറ്റും എത്തിക്കുക. യുഎൻ അത് ഏറ്റുവാങ്ങി വിതരണം ചെയ്യും. ഗാസയിൽ യുഎസ് സൈനികർ കാൽ കുത്തുകയില്ലെന്നു സെന്റ്‌കോം വ്യക്തമാക്കി.
അടുത്ത രണ്ടു ദിവസത്തിനുള്ളിൽ മൂന്നു മുതൽ അഞ്ചു വരെ ട്രക്കുകൾ നിറയെ സഹായം ഗാസയിലേക്കു അയക്കുമെന്നു യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ചാൾസ് ക്യൂ. ബ്രൗൺ പറഞ്ഞു.
പ്രതിദിനം 90 ട്രക്കുകൾ നിറയെ സഹായം എത്തിക്കണം എന്നതാണ് പെന്റഗൺ ഉദ്ദേശിക്കുന്നത്. അത് 150 വരെ ഉയരും. യുഎസ് സേന സുരക്ഷ നൽകുന്നുണ്ടെന്ന് ബ്രൗൺ ചൂണ്ടിക്കാട്ടി. ട്രക്കുകൾ തയാറാണ്.
റഫ, കേരം ശാലോം ക്രോസിംഗുകൾ വഴി സഹായം എത്തിയിട്ടു ദിവസങ്ങളായി. കൊടും പട്ടിണിയാണ് ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്നത്.
റഫയിലെ ഇസ്രയേലി ആക്രമണം മൂലം 600,000 പേർ അഭയാർഥികളായെന്നു യുഎൻ പറയുന്നു. ഗാസയിൽ മരണസംഖ്യ 35,272 ആയി ഉയർന്നുവെന്നു ആരോഗ്യ വകുപ്പ് പറഞ്ഞു. 79,205 പേർക്കു പരുക്കേറ്റിട്ടുണ്ട്.