യു.എസിലേയ്ക്ക് കുടിയേറ്റ നിയന്ത്രണം: എച്ച്-1ബി വിസ അപേക്ഷകർക്ക് 100,000 ഡോളർ ഫീസ് ചുമത്തി പ്രസിഡന്റ്  ട്രംപ്: ഇന്ത്യക്കാർ ആശങ്കയിൽ

ഇന്ത്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന ഐടി മേഖലയ്ക്ക് വലിയ തിരിച്ചടിയായേക്കാവുന്ന നീക്കമാണിതെന്നു വിലയിരുത്തപ്പെടുന്നു

New Update
trump

വാഷിങ്ടൻ:∙ യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ഏറ്റവും പുതിയ ശ്രമങ്ങളുടെ ഭാഗമായി എച്ച്-1ബി വിസ അപേക്ഷകർക്ക് 100,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് ചുമത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇതോടെ  ഇന്ത്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന ഐടി മേഖലയ്ക്ക് വലിയ തിരിച്ചടിയായേക്കാവുന്ന നീക്കമാണിതെന്നു വിലയിരുത്തപ്പെടുന്നു. അതേസമയം, രാജ്യത്തേക്കു കൊണ്ടുവരുന്ന ആളുകൾ ‘വളരെ ഉയർന്ന വൈദഗ്ധ്യമുള്ളവരും’ യുഎസ് പൗരന്മാരായ തൊഴിലാളികൾക്കു പകരമാവാനില്ലാത്തവരുമാണെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.

Advertisment

എന്താണ് എച്ച്-1ബി വിസ 

 പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്ന ഒരു താൽക്കാലിക യുഎസ് വർക്ക് വിസയാണ് എച്ച്-1ബി വിസ. ശാസ്ത്രം, ഐടി, എഞ്ചിനീയറിങ്, ഗണിതം തുടങ്ങിയ മേഖലകളിൽ ജോലികൾ കണ്ടെത്താൻ പ്രയാസമുള്ളയിടങ്ങളിൽ ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ള ആളുകൾക്കായി 1990ൽ ആണിത് ആരംഭിച്ചത്. ഒരിക്കൽ ലഭിച്ചാൽ, അമേരിക്കൻ പൗരന്മാരുടേതിനു തുല്യമായ ശമ്പളവും സമാനമായ തൊഴിൽ സാഹചര്യങ്ങളും വിസ ഉറപ്പാക്കുന്നു. 

ആദ്യം മൂന്ന് വർഷത്തേക്കാണ് വിസ അനുവദിക്കുന്നത്, പിന്നീടിത് പരമാവധി ആറ് വർഷം വരെ നീട്ടാം. ഗ്രീൻകാർഡ് (സ്ഥിര താമസം) ലഭിച്ചവർക്കു വിസ അനിശ്ചിതമായി പുതുക്കാം. അപേക്ഷകർ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (യുഎസ്‌സിഐഎസ്) ഓൺലൈനായി റജിസ്റ്റർ ചെയ്യണം. അതിനുശേഷം ഒരു ലോട്ടറി സംവിധാനം വഴിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. അതേസമയം, അപേക്ഷകൾ പരിഗണിക്കുന്ന രീതിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

H.1B visa trump usa
Advertisment