'ഇസ്രായേലിന് വേണ്ടി ഞങ്ങളുടെ മക്കൾ മരിക്കണോ?'; യുഎസ് സെനറ്റിൽ പ്രതിഷേധിച്ച വിമുക്ത ഭടനെ വലിച്ചിഴച്ച് പുറത്താക്കി

അമേരിക്കന്‍ സൈന്യത്തിലെ മുന്‍ മറൈന്‍ ഉദ്യോഗസ്ഥനായ മക്ഗിന്നിസ് നിലവില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ത്ഥി കൂടിയാണ്.

New Update
Untitled

വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിലെ അമേരിക്കന്‍ ഇടപെടലിനെതിരെ യുഎസ് സെനറ്റില്‍ നാടകീയ രംഗങ്ങള്‍.

Advertisment

ഇറാന്റെ സൈനിക നീക്കങ്ങളില്‍ അമേരിക്ക പങ്കുചേരുന്നതിനെതിരെ സെനറ്റ് സബ്കമ്മിറ്റിയില്‍ പ്രതിഷേധിച്ച വിമുക്ത ഭടന്‍ ബ്രയാന്‍ മക്ഗിന്നിസിനെ പോലീസ് ബലമായി വലിച്ചിഴച്ച് പുറത്താക്കി. 'ഇസ്രായേലിന് വേണ്ടി അമേരിക്കയുടെ മക്കളെ യുദ്ധഭൂമിയിലേക്ക് അയക്കരുത്' എന്ന് അലറിവിളിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധം.


സെനറ്റ് ആംഡ് സര്‍വീസസ് ഹിയറിംഗിനിടെ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ച മക്ഗിന്നിസിനെ പോലീസ് പിടികൂടിയതോടെ രംഗം വഷളായി. പുറത്തേക്ക് പോകാന്‍ വിസമ്മതിച്ച ഇദ്ദേഹം ഹാളിലെ വാതിലില്‍ മുറുകെ പിടിച്ചു തൂങ്ങി.

പോലീസിന് മക്ഗിന്നിസിനെ മാറ്റാന്‍ കഴിയാതെ വന്നതോടെ, റിപ്പബ്ലിക്കന്‍ സെനറ്ററും മുന്‍ നേവി സീല്‍ ഉദ്യോഗസ്ഥനുമായ ടിം ഷീഹി നേരിട്ടെത്തി പ്രതിഷേധക്കാരനെ ബലമായി വാതിലില്‍ നിന്ന് അടര്‍ത്തിമാറ്റി പോലീസിനെ സഹായിച്ചു.


സംഘര്‍ഷത്തിനിടെ മക്ഗിന്നിസിനും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പോലീസിനെ ആക്രമിച്ചതിനും തടസ്സപ്പെടുത്തിയതിനും നോര്‍ത്ത് കരോലിന സ്വദേശിയായ മക്ഗിന്നിസിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തു.


അമേരിക്കന്‍ സൈന്യത്തിലെ മുന്‍ മറൈന്‍ ഉദ്യോഗസ്ഥനായ മക്ഗിന്നിസ് നിലവില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ത്ഥി കൂടിയാണ്. യുദ്ധവിരുദ്ധ നിലപാടുള്ള ഇദ്ദേഹം, സെനറ്റില്‍ കടക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

 'അദ്ദേഹം ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ എത്തിയതാണ്. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാനാണ് ഞാന്‍ ഇടപെട്ടത്. അദ്ദേഹത്തിന് ആവശ്യമായ സഹായം ലഭിക്കുമെന്ന് കരുതുന്നു.'സംഭവത്തിന് ശേഷം സെനറ്റര്‍ ടിം ഷീഹി എക്‌സില്‍ കുറിച്ചു.

Advertisment