ന്യൂഓര്‍ലിയന്‍സ് ആക്രമണത്തിലെ പ്രതി മുന്‍ യുഎസ് സൈനികന്‍. ഐഎസ് ബന്ധമുള്ള തെളിവുകള്‍ ലഭിച്ചു

അപകടമുണ്ടാക്കിയ പിക് അപ് വാനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ പതാകയും സ്ഫോടക വസ്തുക്കളും തോക്കും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

New Update
shamsud din jabbar

ന്യൂ ഓര്‍ലിയന്‍സ്: പുതുവത്സര ദിനത്തില്‍ ജനക്കൂട്ടത്തിനിടയിലേക്ക് പിക്കപ്പ് വാന്‍ ഓടിച്ചുകയറ്റി 15 പേരെ കൊലപ്പെടുത്തിയ അക്രമി ഷംസുദ്-ദിന്‍ ജബ്ബാര്‍ (42) യുഎസ് ആര്‍മിയിലെ മുന്‍ സൈനികനെന്ന് സംശയം. ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവം ഷംസുദ് ദിന്‍ ജബ്ബാര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് നിഗമനം. 

Advertisment

അപകടമുണ്ടാക്കിയ പിക് അപ് വാനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ പതാകയും സ്ഫോടക വസ്തുക്കളും തോക്കും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.


 പരമാവധി ആളുകളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൂസ്റ്റണ്‍ സ്വദേശിയായ അക്രമി ന്യൂ ഓര്‍ലിയന്‍സിലെ ഫ്രഞ്ച് ക്വാര്‍ട്ടറിന്റെ ഹൃദയഭാഗത്തുള്ള ബര്‍ബോണ്‍ സ്ട്രീറ്റില്‍ ഒത്തുകൂടിയ ജനക്കൂട്ടത്തിലേക്ക് പിക്ക്-അപ്പ് ട്രക്ക് ഇടിച്ചു കയറ്റിയതെന്ന് പോലീസ് സംശയിക്കുന്നു.

കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്ന വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവരില്‍ രണ്ട് ഇസ്രയേല്‍ പൗരന്മാരുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു.


 ജോര്‍ജിയ സര്‍വകലാശാലയിലെ ഒരു വിദ്യാഥിയുണ്ടെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ജബ്ബാറിന് തീവ്രവാദ ഗ്രൂപ്പുകളുമായി എന്തു ബന്ധമാണ് ഉള്ളതെന്ന് അന്വേഷിക്കുകയാണെന്ന് എഫ്ബിഐ പറഞ്ഞു. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജബ്ബാറിനു മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നില്ലെന്നും എഫ്ബിഐ പറഞ്ഞു.


ജബ്ബാര്‍ മുമ്പ് യുഎസ് ആര്‍മിയില്‍ ഹ്യൂമന്‍ റിസോഴ്‌സ്, ഐടി ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇയാളുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ വിവരങ്ങള്‍ ഉണ്ട്. ഈ പ്രൊഫൈല്‍ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.


2015 മുതല്‍ 2017 വരെ ജോര്‍ജ്ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠിച്ച അദ്ദേഹം കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബിരുദം നേടിയിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളും മോഷണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മുമ്പ് ക്രിമിനല്‍ കേസുകളും എടുത്തിരുന്നതായി പോലീസ് പറഞ്ഞു.

Advertisment