/sathyam/media/media_files/2024/11/02/mqAh2SXIxN70BqEvAQQk.jpg)
ന്യൂഡല്‍ഹി: റഷ്യയുടെ മിലിട്ടറി-ഇന്‍ഡസ്ട്രിയല്‍ ബേസിന് പിന്തുണ നല്‍കിയെന്നാരോപിച്ച് 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. ഇതില്‍ 15 എണ്ണം ഇന്ത്യയില്‍ നിന്നുള്ളതാണ്.
അബാർ ടെക്നോളജീസ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെൻവാസ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എംസിസ്ടെക്, ഗാലക്‌സി ബിയറിങ്‌സ് ലിമിറ്റഡ്, ഓർബിറ്റ് ഫിൻട്രേഡ് എല്‍എല്‍പി, ഇന്നോവിയോ വെഞ്ചേഴ്സ്, കെഡിജി എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഖുശ്ബു ഹോണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികളെന്ന് ട്രഷറി വകുപ്പ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു.
ലോകേഷ് മെഷീൻസ് ലിമിറ്റഡ്, പോയിൻ്റർ ഇലക്ട്രോണിക്സ്, ആര്‍ആര്‍ജി എഞ്ചിനീയറിംഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഷാർപ്ലൈൻ ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ശൗര്യ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീഗീ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രേയ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇന്ത്യൻ കമ്പനികളും ഉൾപ്പെടുന്നു.
ചൈന, സ്വിറ്റ്‌സർലൻഡ്, തായ്‌ലൻഡ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾക്കും റഷ്യയ്ക്ക് നൂതന സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകിയതിന് ഉപരോധം ഏർപ്പെടുത്തിയതായി ട്രഷറി വകുപ്പ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
യുക്രെയിനിനെതിരെ റഷ്യയുടെ നിയമവിരുദ്ധവും അധാർമികവുമായ യുദ്ധത്തിന് ആവശ്യമായ നിർണായക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഒഴുക്ക് തടയാൻ അമേരിക്കയും സഖ്യകക്ഷികളും ലോകമെമ്പാടും നിർണായക നടപടി സ്വീകരിക്കുമെന്ന് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയെമോ പറഞ്ഞു.