/sathyam/media/media_files/2025/10/12/modi-trump-2025-10-12-14-16-36.jpg)
വാഷിംഗ്ടൺ ഡിസി: ഒരിടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തയാറായില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തുന്ന തീരുവ ഇനിയും കൂട്ടുമെന്നാണ് മുന്നറിയിപ്പ്.
‘എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്. ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മോദിക്കറിയാം. ഇനിയും അവർ റഷ്യൻ എണ്ണ വാങ്ങിയാൽ ഉടനടി തീരുവ കൂട്ടാൻ ഞങ്ങൾക്ക് പറ്റും’- ട്രംപ് പറഞ്ഞു.
വെനസ്വേലയുടെ എണ്ണ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്‍റെ പരാമർശം.
റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ വ്യാപാരത്തിൻമേൽ വാഷിംഗ്ടണിൽ നിരീക്ഷണം ശക്തമാകുന്നതിനിടെയാണ് ട്രംപിന്‍റെ പുതിയ മുന്നറിയിപ്പ്.
എന്നാൽ ആഭ്യന്തര ഊർജ സുരക്ഷയ്ക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അത്യാവശ്യമാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്.
തീരുവ സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുണ്ടെങ്കിലും, വ്യാപാര ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ട്രംപും നരേന്ദ്ര മോദിയും സംസാരിച്ചിരുന്നു.
ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ-യുഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പുതിയ ഘട്ട ചർച്ചകൾ ആരംഭിച്ച സമയത്താണ് ഈ സംഭാഷണം നടന്നത്.
ഈ വർഷം ആദ്യം ചർച്ചകൾ തുടങ്ങിയെങ്കിലും, ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ യുഎസ് 50 ശതമാനം വരെ ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ചർച്ചകൾ തടസപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us