ചൈനീസ് പീഡനം തുറന്നു കാട്ടിയ ഹെങ്ങിനെ അവിടേക്ക് അയക്കരുതെന്ന് ഉഗുർ കോൺഗ്രസ്

New Update
L

വടക്കു പടിഞ്ഞാറൻ ചൈനയിലെ ഈസ്റ്റ് തുർക്കിസ്ഥാനിൽ മുസ്ലിംകളായ ഉഗുർ വംശജരെ പാർപ്പിച്ചു പീഡിപ്പിക്കുന്ന രഹസ്യ തടവറകളിൽ കടന്നു ദൃശ്യങ്ങൾ പകർത്തിയ ചൈനീസ് വംശജൻ ഗുവാൻ ഹെങ്ങിനെ യുഎസിൽ നിന്നു ചൈനയ്ക്കു വിട്ടു കൊടുക്കാനുളള നീക്കത്തെ വേൾഡ് ഉഗുർ കോൺഗ്രസ് എതിർത്തു. ന്യൂ യോർക്കിലെ ബ്രൂം കൗണ്ടി ജയിലിലാണ് വർക് വിസയുള്ള ഹെങ്ങിനെ അടച്ചിട്ടുള്ളത്.

Advertisment

ചൈന നടത്തുന്ന വ്യാപകമായ മനുഷ്യാവകാശ ലംഘനം പുറത്തു കൊണ്ടുവന്നതിന്റെ പേരിലാണ് ഹെങ്ങിനെ വേട്ടയാടുന്നതെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി. അദ്ദേഹം എടുത്ത ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ തെളിവായി.

ചൈനയിൽ നിന്ന് ഒളിച്ചോടിയ ഹെങ് പല രാജ്യങ്ങളിലൂടെ കടന്നാണ് 2021ൽ യുഎസിൽ എത്തിയത്. അഭയം ലഭിച്ച അദ്ദേഹം സ്വതന്ത്രനായി ജോലി ചെയ്തു ജീവിക്കുകയായിരുന്നു.

നിയമാനുസൃതം ജീവിച്ചു വന്ന അദ്ദേഹം അനധികൃതമായി പ്രവേശിച്ചയാളാണ് എന്ന അടിസ്ഥാനത്തിലാണ് യുഎസ് ഇമിഗ്രെഷൻ അദ്ദേഹത്തെ ചൈനയിലേക്കു നാടു കടത്താൻ തീരുമാനിച്ചത്.

തിങ്കളാഴ്ച്ച ന്യൂ യോർക്കിൽ കോടതിയിൽ ഹാജരാവുന്ന ഹെങ്ങിനെ ചൈനയിലേക്ക് അയച്ചാൽ അദ്ദേഹം ജയിൽ വാസവും പീഡനവും നേരിടുകയും അപ്രത്യക്ഷനാവുകയും ചെയ്യുമെന്നു കോൺഗ്രസ് ആശങ്ക പ്രകടിപ്പിച്ചു. ചൈനീസ് അധികൃതർ അദ്ദേഹത്തിന്റെ കുടുംബത്തെ പീഡിപ്പിച്ചതായി അവർ ചൂണ്ടിക്കാട്ടി.

ഹെങ്ങിനെ ചൈനയിലേക്ക് അയക്കരുതെന്ന് കോൺഗ്രസ് അഭ്യർഥിച്ചു.

Advertisment