തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

യേശുദേവന്‍റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം

New Update
cst.brightspotcdn

വത്തിക്കാൻ: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. 

Advertisment

മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി. 

ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. 

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു. 

യേശുദേവന്‍റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല പലസ്തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

Advertisment