വത്തിക്കാന്‍ സിറ്റി: പ്രാര്‍ഥനാഗീതങ്ങള്‍ അലയടിച്ച സെന്റ് പീറ്റര്‍ ബസലിക്കയില്‍ ചങ്ങനാശേരി അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് ഉള്‍പ്പെടെ ഇരുപത്തിയൊന്നു പേര്‍ കര്‍ദിനാളായി അഭിഷിക്തരായി.
തിരുകര്‍മ്മങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ചു. പുതിയ കര്‍ദിനാള്‍മാര്‍ക്കു മാര്‍പാപ്പ സ്ഥാനചിഹനങ്ങളായ സ്വര്‍ണ മോതിരവും ചുവന്ന തലപ്പാവും അണിയിക്കുകയും സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. കണ്‍സിസ്റ്ററി തിരുക്കര്‍മങ്ങള്‍ക്കുശേഷം നവ കര്‍ദ്ദിനാള്‍മാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.
നാളെ രാവിലെ വത്തിക്കാന്‍ സമയം 9.30ന് മാതാവിന്റെ അമലോത്ഭവതിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാര്‍പാപ്പയോടൊപ്പം നവ കര്‍ദ്ദിനാള്‍മാരും സീറോമലബാര്‍ സഭയില്‍നിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹ കാര്‍മികരാകും.
/sathyam/media/media_files/2024/12/07/aJ6MwefnpytAMU1j4RN1.jpg)
വൈകിട്ട് സാന്ത അനസ് താസിയ സീറോമലബാര്‍ ബസിലിക്കയില്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ മലയാളത്തില്‍ കൃതജ്ഞതാബലിയര്‍പ്പണവും തുടര്‍ന്ന് സ്വീകരണ സമ്മേളനവും നടക്കും.
ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ മാര്‍ ജോര്‍ജ് കൂവക്കാട് വൈദിക പദവിയില്‍നിന്നു നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ പുരോഹിതനാണ്. കത്തോലിക്ക സഭയില്‍ സാധാരണ മെത്രാന്മാരെയാണു കര്‍ദിനാള്‍മാരായി ഉയര്‍ത്തുക.
മാമ്മൂട് കൂവക്കാട് ജേക്കബ് വര്‍ഗീസ്, ത്രേസ്യാമ്മ ദമ്പതികളുടെ മകനാണു മാര്‍ ജോര്‍ജ് കൂവക്കാട്. 2004 ജൂലൈ 24നാണു പൗരോഹിത്യം സ്വീകരിച്ചത്. ഒകേ്ടാബര്‍ ആറിനു മധ്യാഹ്ന പ്രാര്‍ഥനയ്ക്കിടെയാണു മാര്‍പാപ്പ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാളായി പ്രഖ്യാപിച്ചത്.
/sathyam/media/media_files/2024/12/07/TyBPolhI5WxUdE3fx91U.jpg)
ചടങ്ങുകള്‍ക്കു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെ ആര്‍ച്ച്ബിഷപ്പുമാരുടെയും ബിഷപ്പുമാരും സന്ന്യസ്തരും ഉള്‍പ്പടെ നാനൂറോളം മലയാളികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കാളികളായി.
കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘവും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് എംപി, ടോം വടക്കന്‍, സത്‌നാം സിങ് സന്ധു എന്നിവര്‍ പ്രതിനിധി സംഘത്തിലുള്ളത്.
മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയില്‍ ഒരുക്കിയ വലിയ എല്‍.സി.ഡി നൂറുകണക്കിനു വിശ്വാസികള്‍ ചടങ്ങ് വീക്ഷിച്ചു.
ചങ്ങനാശേരി അതിരൂപതയും മാതൃ ഇടവകയും വിശ്വാസികള്‍ മധുരം വിതരണം ചെയ്തു. മാതൃ ഇടവകയില്‍ കര്‍ദിനാളിനുവേണ്ടി ഇന്നു മൂന്നു കുര്‍ബാനകള്‍ അര്‍പ്പിച്ചിരുന്നു.