/sathyam/media/media_files/2026/02/27/untitled-2026-02-27-08-47-37.jpg)
ഡല്‍ഹി: പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുവശത്തുമായി വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡ്യൂറന്‍ഡ് ലൈനിലെ തര്‍ക്കത്തെത്തുടര്‍ന്ന് അഫ്ഗാന്‍ താലിബാന്‍ ഭരണകൂടത്തിനെതിരെ പാകിസ്താന്‍ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചു.
അഫ്ഗാന്‍ താലിബാന്റെ അതിര്‍ത്തി ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി പാകിസ്താന്‍ 'ഓപ്പറേഷന്‍ ഗസബ് ലില്‍ ഹഖ്' എന്ന പേരില്‍ വന്‍ സൈനിക നീക്കം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി ആരംഭിച്ച ഈ ഓപ്പറേഷനില്‍ ഇതുവരെ 133 താലിബാന്‍ പോരാളികളെ വധിച്ചതായും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അതാഉള്ള തരാര്‍ അറിയിച്ചു.
കാബൂള്‍, പക്തിയ, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെ താലിബാന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 27 താലിബാന്‍ പോസ്റ്റുകള്‍ തകര്‍ക്കുകയും ഒമ്പതെണ്ണം പിടിച്ചെടുക്കുകയും ചെയ്തതായി പാകിസ്താന്‍ അവകാശപ്പെടുന്നു.
തങ്ങളുടെ ക്ഷമ നശിച്ചുവെന്നും ഇനി വിട്ടുവീഴ്ചയില്ലെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. 'താലിബാന്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ കോളനിയാക്കി മാറ്റി. ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരവാദം കയറ്റുമതി ചെയ്യുകയാണ്,' എന്ന് അദ്ദേഹം ആരോപിച്ചു. താലിബാന്‍ ഇന്ത്യയുടെ 'പ്രോക്‌സി' ആയി മാറിയെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
അതേസമയം, പാക് സൈന്യത്തിന്റെ അതിര്‍ത്തി ലംഘനത്തിന് മറുപടിയായി നടത്തിയ ആക്രമണത്തില്‍ 55 പാകിസ്താന്‍ സൈനികരെ വധിച്ചതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് പാക് സൈനിക താവളങ്ങളും 19 പോസ്റ്റുകളും പിടിച്ചെടുത്തതായും അഫ്ഗാന്‍ അവകാശപ്പെടുന്നു. ആക്രമണത്തില്‍ എട്ട് അഫ്ഗാന്‍ പോരാളികള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് നേരെ പാകിസ്താന്‍ മിസൈല്‍ ആക്രമണം നടത്തിയതായും അഫ്ഗാന്‍ ആരോപിച്ചു.
സമാധാനത്തിനായുള്ള ഞങ്ങളുടെ ആഗ്രഹത്തെ ദുര്‍ബലതയായി കാണരുത്. രാജ്യത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു.
ഏത് തരത്തിലുള്ള ആക്രമണത്തെയും അടിച്ചമര്‍ത്താന്‍ പാക് സൈന്യം സജ്ജമാണ്. രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.
രാത്രിയുടെ ഇരുട്ടില്‍ സാധാരണക്കാരെ ലക്ഷ്യം വെച്ച താലിബാന്‍ നടപടി ഭീരുത്വമാണ്. ഇതിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി പറഞ്ഞു.
അതിര്‍ത്തി മേഖലകളില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള 2611 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി (ഡ്യൂറന്‍ഡ് ലൈന്‍) അഫ്ഗാനിസ്ഥാന്‍ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us