ഡല്‍ഹി: തന്റെ കുടുംബത്തിന്റെ നാല് ചാരിറ്റികള്‍ക്കും ഫൗണ്ടേഷനുകള്‍ക്കുമായി 1.1 ബില്യണ്‍ ഡോളറിന്റെ ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ സ്റ്റോക്കുകള്‍ സംഭാവന ചെയ്ത് ശതകോടീശ്വരനായ വാറന്‍ ബഫറ്റ്.
അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ അദ്ദേഹത്തിന്റെ 147.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പത്തിന്റെ അനന്തരാവകാശ പദ്ധതികളുടെ രൂപരേഖയും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.
തന്റെ മരണശേഷം 10 വര്‍ഷത്തിനുള്ളില്‍ തന്റെ മൂന്ന് മക്കള്‍ക്ക് 147.4 ബില്യണ്‍ ഡോളര്‍ സമ്പത്ത് ലഭിക്കുമെന്ന് ബഫറ്റ് നേരത്തെ പറഞ്ഞിരുന്നെങ്കിലും തന്റെ മക്കള്‍ അവരുടെ അനന്തരാവകാശം ലഭിക്കുന്നതിന് മുമ്പ് മരിച്ചാല്‍ ഈ സമ്പത്തിന് അര്‍ഹരായ അവരുടെ അജ്ഞാത പിന്‍ഗാമിയെയും അദ്ദേഹം നിയോഗിക്കുകയും ചെയ്തു.
പിന്‍ഗാമിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തന്റെ മക്കള്‍ക്ക് അവരെ അറിയാമെന്നും സഹ ഓഹരിയുടമകള്‍ക്ക് എഴുതിയ കത്തില്‍ ബഫറ്റ് പറഞ്ഞു.
രാജവംശ സമ്പത്ത് സൃഷ്ടിക്കുന്നതില്‍ തനിക്ക് ഇപ്പോഴും താല്‍പ്പര്യമില്ലെന്നും എന്നാല്‍ വര്‍ഷങ്ങളായി ഹോവാര്‍ഡിനും പീറ്ററിനും സൂസിക്കും ദശലക്ഷക്കണക്കിന് പണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഫറ്റും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും അവരുടെ ബെര്‍ക്ക്ഷെയര്‍ ഓഹരികളൊന്നും വിട്ടുകൊടുത്തിരുന്നില്ലെങ്കില്‍, കുടുംബത്തിന്റെ സമ്പത്ത് ഏകദേശം 364 ബില്യണ്‍ ഡോളറാകുമായിരുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന്റെ 314 ബില്യണ്‍ ഡോളര്‍ സമ്പത്തിന് മുകളിലാണ്.