/sathyam/media/media_files/2025/05/31/kFbJvJsOirljfpTSiVxU.jpg)
വാഷിങ്ടന്‍: ഗാസയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നിര്‍ദ്ദേശത്തില്‍ മറുപടി നല്‍കാന്‍ ഹമാസിനു മൂന്ന് മുതല്‍ നാലു ദിവസം വരെ സമയമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വെടിനിര്‍ത്തല്‍, ബന്ദികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുക, ഹമാസിന്റെ നിരായുധീകരണം, ഗാസയില്‍ നിന്ന് ഇസ്രയേല്‍ ക്രമേണ പിന്‍വാങ്ങുക തുടങ്ങിയവയാണ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ സമാധാന കരാറില്‍ മറ്റ് എല്ലാ കക്ഷികളും ഒപ്പുവച്ചിട്ടുണ്ടെന്നും അവര്‍ ഹമാസിനായി കാത്തിരിക്കുകയാണെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
'എല്ലാ അറബ് രാജ്യങ്ങളും ഒപ്പുവച്ചു. മുസ്ലിം രാജ്യങ്ങളെല്ലാം ഒപ്പുവച്ചു, ഇസ്രയേലും ഒപ്പുവച്ചു. ഞങ്ങള്‍ ഹമാസിനായി കാത്തിരിക്കുകയാണ്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ. അങ്ങനെയല്ലെങ്കില്‍, അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും' ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
സമാധാന പദ്ധതി അംഗീകരിച്ചതിന് നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു. യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും പലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു.