/sathyam/media/media_files/2025/10/09/photos551-2025-10-09-06-47-36.jpg)
വാഷിങ്ടണ്‍: ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.
സോഷ്യല്‍മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു.
"എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കും, ഇസ്രായേൽ അവരുടെ സൈന്യത്തെ ധാരണ പ്രകാരം പിൻവലിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബന്ദികളെ വിട്ടയക്കുമെന്നാണ് വിവരം.
വെടിനിര്‍ത്തല്‍ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഈ ആഴ്ച അവസാനം താൻ മിഡിൽ ഈസ്റ്റിലേക്ക് പോയേക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ധാരണയെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നത്. ആദ്യ ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗസ്സയിൽ തടവിലാക്കപ്പെട്ട 48 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുകയും ചെയ്യും.
കൂടാതെ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി മോചിപ്പിക്കും
വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി വിട്ടയക്കുന്ന ബന്ദികളുടെയും മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെയും പട്ടിക ഹമാസ് കൈമാറിയിരുന്നു.
ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത സഹായിയും മന്ത്രിയുമായ റോൺ ഡെർമർ എന്നിവര്‍ക്ക് പുറമെ, ഖത്തർ തുർക്കി നേതാക്കളും ചർച്ചകൾക്കായി കൈറോയിൽ എത്തിയിട്ടുണ്ട്. ഹമാസിന് പുറമെ ഇസ്‍ലാമിക് ജിഹാദ് സംഘവും കൈറോയിൽ എത്തിയിരുന്നു.
അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്തും ഗസ്സയില്‍ ഇസ്രായേലിന്‍റെ ആക്രമണം നടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിലുടനീളം എട്ട് പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ 61 പേർക്ക് പരിക്കേറ്റു.