/sathyam/media/media_files/2025/10/19/images-1280-x-960-px411-2025-10-19-08-27-13.jpg)
വാഷിങ്ടണ്‍: അമേരിക്കയിലുടനീളം ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. നഗരങ്ങളെ നിശ്ചലമാക്കി 'നോ കിങ്സ് മാർച്ച്' എന്ന പേരിൽ അരങ്ങേറിയ പ്രതിഷേധ റാലികൾ നഗരങ്ങളെ നിശ്ചലമാക്കി.
റാലികളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. ട്രംപിന്‍റെ നടപടികൾ ജനാധിപത്യ ധ്വംസനമാണെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. അതേസമയം മാർച്ചിനെ വൈറ്റ് ഹൌസ് അപലപിച്ചു.
ഭരണാധികാരികൾ രാജാക്കന്മാരെ പോലെ പെരുമാറുന്നതിനെതിരായ സാമൂഹ്യ പ്രതിരോധമാണ് 'നോ കിങ്സ് മാർച്ചി'ലൂടെ അമേരിക്കയിൽ അലയടിച്ചത്.
50 സംസ്ഥാനങ്ങളിലായി 2500ലേറെ പ്രതിഷേധ റാലികളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തു. പ്രധാന നഗരങ്ങളിൽ മാത്രമല്ല ചെറുപട്ടണങ്ങളിലും വൻ ജനപങ്കാളിത്തമുണ്ടായി.
ട്രംപ് ഭരണകൂടത്തിന്‍റെ ഏകപക്ഷീയ നടപടികൾക്കെതിരെയായിരുന്നു ജനരോഷം. ഇമിഗ്രേഷൻ റെയ്ഡുകൾ, നഗരങ്ങളിൽ സൈന്യത്തെ വിന്യസിച്ച നടപടികൾ, സർക്കാർ പദ്ധതികളുടെ വെട്ടിച്ചുരുക്കൽ, രാഷ്ട്രീയ എതിരാളികൾക്കെതിരായ നിയമ നടപടികൾ തുടങ്ങിയവയാണ് പ്രതിഷേധത്തിന്‍റെ കാരണങ്ങൾ.
പ്രതിഷേധ പ്രകടനങ്ങൾ പൊതുവെ സമാധാനപരമായിരുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി സർക്കാർ പ്രവർത്തിക്കണമെന്ന ആവശ്യം എങ്ങും മുഴങ്ങി. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ആയിരക്കണക്കിന് ജനങ്ങൾ പ്ലക്കാർഡുകളുമായി പങ്കെടുത്തു.
ഷിക്കാഗോ, ലോസ് ആഞ്ചൽസ്, വാഷിങ്ടണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിഷേധം ഇരമ്പി. മുൻനിര ഡമോക്രാറ്റിക് നേതാക്കളും ഹോളിവുഡ് താരങ്ങളും പങ്കെടുത്തു.
അതേസമയം വൈറ്റ് ഹൌസും റിപ്പബ്ലിക്കൻ നേതാക്കളും നോ കിങ്സ് മാർച്ചിനെ അപലപിച്ചു. അമേരിക്കയെ വെറുക്കുന്നവരുടെ പ്രകടനമാണ് നടന്നതെന്ന് അഭിപ്രായപ്പെട്ടു.