/sathyam/media/media_files/2025/11/10/img30-2025-11-10-20-32-41.jpg)
വാഷിം​ഗ്ടൺ: ഇന്ത്യക്കാരിയായ വിദ്യാർഥിനിയെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യർലാ​ഗഡ്ഡ (23)യാണ് മരിച്ചത്.
യുവതിയെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവരാണ് വെള്ളിയാഴ്ച രാജ്യലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടത്.
കുറച്ചു ദിവസമായി രാജ്യലക്ഷ്മിയ്ക്കു കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.
മൂന്ന് ദിവസം മുൻപ് വീട്ടിലേക്കു വിളിച്ചപ്പോൾ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. അതേസമയം വിദ്യാർഥിനിയുടെ മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല.
ടെക്സസിലെ എ ആൻഡ് എം സർവകലാശാലയിൽ എംഎസ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് രാജ്യലക്ഷ്മി. അടുത്തിടെയാണ് കോഴ്സ് പൂർത്തിയാക്കിയത്. അമേരിക്കയിൽ തന്നെ ജോലിക്കായി ശ്രമം നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ആന്ധ്രയിലെ ഒരു കർഷക കുടുംബത്തിലാണ് രാജ്യലക്ഷ്മി ജനിച്ചത്. വിജയവാഡയിലെ കോളജിൽ നിന്നു എൻജിനീയറങ് ബിരുദം പൂർത്തിയാക്കിയ ശേഷം 2023ലാണ് ഉന്നത പഠനത്തിനായി യുഎസിലേക്ക് പോയത്.
ജോലിയിൽ പ്രവേശിച്ച് കുടുംബത്തിനു താങ്ങാകാമെന്ന പ്രതീക്ഷയിൽ നിൽക്കെയാണ് മരണം.
വിദ്യാർഥിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും വിദ്യാഭ്യാസ വായ്പ ബാധ്യതകൾ കീർക്കാനുമായി ബന്ധുക്കളുടെ നേതൃത്വത്തിൽ ​ഗോ ഫണ്ട് മി എന്ന കാംപെയ്ൻ തുടങ്ങിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us