റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക. വെനസ്വേലൻ എണ്ണ വ്യാപാരത്തിന്മേലുള്ള ഉപരോധം ലംഘിച്ചെന്ന് ആരോപണം

വെനസ്വേല, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കായി ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്ന ഷാഡോ ഫ്ലീറ്റ് കപ്പലുകളിൽപ്പെട്ടതാണ് മരിനേര എന്നാണ് അമേരിക്കൻ വാദം. 

New Update
1521212-vnz

വാഷിങ്ടണ്‍: റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക. വെനസ്വേലൻ എണ്ണ വ്യാപാരത്തിന്മേലുള്ള ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. വടക്കൻ അറ്റ്ലാന്‍റിക് സമുദ്രത്തിൽ വെച്ചാണ് കപ്പൽ പിടിച്ചെടുത്തത്. 

Advertisment

റഷ്യൻ പതാക വഹിച്ച ബെല്ല 1 എന്ന് അറിയപ്പെട്ട മരിനേര കപ്പലാണ് പിടിച്ചെടുത്തെന്ന് യുഎസ് സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു.

ഉപരോധം ഏർപ്പെടുത്തിയ വെനസ്വേലൻ എണ്ണയുടെ നീക്കം ലോകത്തിന്റെ ഏത് ഭാഗത്തായാലും തടയുമെന്നും ഉപരോധം പൂർണ്ണമായും നിലനിൽക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.

വെനസ്വേല, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കായി ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്ന ഷാഡോ ഫ്ലീറ്റ് കപ്പലുകളിൽപ്പെട്ടതാണ് മരിനേര എന്നാണ് അമേരിക്കൻ വാദം. 

വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ തട്ടിക്കോണ്ട് പോകുന്നതിന് മുൻപ് തന്നെ കപ്പലിനെ യുഎസ് സേന പിന്തുടരുന്നുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം യുഎസിന്റെ നടപടി സമുദ്ര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യൻ ഗതാഗത മന്ത്രാലയം പറഞ്ഞു.

'1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച്, തുറന്ന സമുദ്രങ്ങളിൽ നാവിഗേഷൻ സ്വാതന്ത്ര്യം ബാധകമാണ്, കൂടാതെ മറ്റ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൃത്യമായി രജിസ്റ്റർ ചെയ്ത കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും റഷ്യൻ ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ ഉണ്ടായ ഈ സംഭവം റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. 

Advertisment