ഇറാനെ ആക്രമിക്കാൻ വ്യോമ താവളം വിട്ടുനൽകില്ലെന്ന നിലപാട്. സ്പെയിനുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ട്രംപ്

വ്യാപാര കാര്യങ്ങൾ സ്പെയിൻ തനിയെയല്ല, മറിച്ച് യൂറോപ്യൻ യൂണിയൻ വഴിയാണ് തീരുമാനിക്കുന്നതെന്നും അതിനാൽ അമേരിക്കയ്ക്ക് ഏകപക്ഷീയമായി ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും സ്പെയിൻ ചൂണ്ടിക്കാട്ടി

New Update
trump

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന്, സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി.

Advertisment

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി നടത്തിയ കൂടിക്കാഴ്ച യ്ക്കിടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം.

"ഞങ്ങൾ സ്പെയിനുമായുള്ള എല്ലാ വ്യാപാരവും അവസാനിപ്പിക്കാൻ പോവുകയാണ്.

അവരുമായി ഞങ്ങൾക്ക് യാതൊരു ബന്ധവും വേണ്ട" ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 സ്പെയിനിൽ നിന്നുള്ള ഇറക്കുമതിക്ക് വലിയ തോതിൽ നികുതി ഏർപ്പെടുത്താൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്പെയിനിലെ റോട്ട, മൊറോൺ വ്യോമ താവളങ്ങൾ ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയിരുന്നു.

 ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായോ ഉഭയകക്ഷി കരാറുകൾക്ക് പുറത്തോ ഉള്ള ഒരു ആക്രമണത്തിനും തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നാണ് സ്പെയിനിന്‍റെ നിലപാട്.

തങ്ങളുടെ പരമാധികാരത്തിന് കീഴിലുള്ള സൈനിക താവളങ്ങൾ ഐക്യ രാഷ്ട്രസഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായ ആക്രമണങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബാരസ് അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് 15 യുഎസ് വിമാനങ്ങളാണ് മടങ്ങിയത്. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിലേക്കാണ് വിമാനങ്ങൾ തിരിച്ചുപോയത്.

വ്യാപാര കാര്യങ്ങൾ സ്പെയിൻ തനിയെയല്ല, മറിച്ച് യൂറോപ്യൻ യൂണിയൻ വഴിയാണ് തീരുമാനിക്കുന്നതെന്നും അതിനാൽ അമേരിക്കയ്ക്ക് ഏകപക്ഷീയമായി ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും സ്പെയിൻ ചൂണ്ടിക്കാട്ടി

Advertisment