വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ റീഗൻ നാഷണൽ എയർപോർട്ടിനു സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി റിപ്പോർട്ട്.
അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നു തന്നെയാണ് വിശ്വാസമെന്നു വാഷിങ്ടൻ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോണോലി വ്യക്തമാക്കി.
ഇതുവരെയായി 28 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 27പേരുടെ മൃതദേഹം വിമാനത്തിൽ നിന്നും ഒരാളുടേത് ഹോലികോപ്റ്ററിൽ നിന്നുമാണ് കണ്ടെത്തിയത്. തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ എയർലൈൻസിന്റെ സിആർജെ - 700 എന്ന വിമാനമാണ് ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ നദിയിൽ പതിച്ചത്. വാഷിങ്ടൺ ഡിസിയിൽ റിഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചായിരുന്നു അപകടം.
അപകടത്തിൽ അമേരിക്കയിലെ സ്കേറ്റിങ് താരങ്ങളും അകപ്പെട്ടു. ഫിഗര്‍ സ്‌കേറ്റിങ് താരങ്ങളും പരിശീലകരും കുടുംബാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായി യു.എസ് ഫിഗര്‍ സ്‌കേറ്റിങ് അതോറിറ്റി സ്ഥിരീകരിച്ചു.
കാന്‍സാസിലെ നാഷണല്‍ ഡെവലപ്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ താരങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്.
മുന്‍ സ്‌കേറ്റിംഗ് ലോക ചാമ്പ്യന്മാരായ യെവ്‌ജെനിയ ഷിഷോകോവ, വാഡിം നൗമോവ് എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നു. ഇരുവരും വിമാനപകടത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.