വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല മേധാവി ഇലോൺ മസ്‌കും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിഷയം അന്താരാഷ്ട ചർച്ചയാകുന്നു.
ഇലോൺ മസ്‌കിന് രാഷ്ട്രീയ അഭയം നൽകാൻ തയ്യാറാണെന്ന റഷ്യയുടെ നിലപാടാണ് വിഷയത്തിന്റെ ഗതിമാറ്റുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി നോവിക്കോവാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.
''മസ്‌കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകളോടുള്ള വിയോജിപ്പുകൾ നിലനിൽത്തെ തന്നെ മസ്‌കിന് രാഷ്ട്രീയ അഭയം ആവശ്യമെങ്കിൽ അത് നൽകാൻ റഷ്യ തയ്യാറാണ്'' എന്നായിരുന്നു ദിമിത്രി നോവിക്കോവാവിന്റെ പ്രതികരണമെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാഷ്ട്രീയ - സാമ്പത്തിക വിഷയങ്ങളെ ചൊല്ലിയാണ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന വിശേഷിപ്പിക്കപ്പെടുന്ന യുഎസ് പ്രസിഡന്റും ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്‌കും തമ്മിൽ ഇടഞ്ഞത്.
സാമൂഹിക മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിലേക്ക് എത്തിനിൽക്കുമ്പോൾ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ സംബന്ധിച്ച പ്രതികരണങ്ങൾ പുറത്തുവരുന്നത്.