ടെക്‌സസ് മിന്നല്‍ പ്രളയത്തില്‍ മരണം നൂറു കവിഞ്ഞു; 40 ലേറെ പേരെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്

New Update
images(949)

 വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം നൂറു കവിഞ്ഞു.

Advertisment

28 കുട്ടികള്‍ അടക്കം 104 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. 

41 പേരെ കാണാനില്ലെന്ന് ടെക്‌സസ് മേയര്‍ വ്യക്തമാക്കി. ക്രിസ്റ്റ്യന്‍ സമ്മര്‍ ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളില്‍ 10 പേരും കൗണ്‍സലറും കാണാതായവരില്‍പ്പെടുന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ 56 പ്രായപൂര്‍ത്തിയായവരും 28 കുട്ടികളും ഉള്‍പ്പെടുന്നു.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 

ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചില്‍ തുടരുകയാണ്.

സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാസേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

50 ലക്ഷം പേരാണ് പ്രളയഭീതിയില്‍ കഴിയുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്‌സസിലെത്തും. പ്രളയക്കെടുതി തടയാൻ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു. നാശനഷ്ടം കുറയ്ക്കാന്‍ ടെക്‌സസ് ഗവര്‍ണറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. 

Advertisment