'ട്രംപിനെ രണ്ടുതവണ നൊബേലിന് ശുപാര്‍ശ ചെയ്യൂ'. തീരുവ പ്രശ്‌നത്തിന് പരിഹാരമാകും; പരിഹസിച്ച് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

ഡോണള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ തിരിയുകയാണ്

New Update
trump and modi

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ വിരുദ്ധ നയം തെറ്റെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. 

Advertisment

തീരുവ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്താല്‍മതിയെന്നും അദ്ദേഹം പരിഹസിച്ചു. 


റഷ്യയില്‍നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ട് എന്നാല്‍, ചൈന ഇത്തരത്തില്‍ ഒരു തീരുവ പ്രതിസന്ധി നേരിടേണ്ടിവരുന്നില്ലെന്നും ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി.


ഡോണള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ തിരിയുകയാണ്. 50 ശതമാനം തീരുവയെന്ന ട്രംപിന്റെ ഈ സമീപനം പിന്തിരിപ്പനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരവുമാണെന്നും അദ്ദേഹം പറഞ്ഞു. 

ട്രംപ് ചുമത്തിയ തീരുവ കാരണം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചുവെന്നും താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. 

പ്രധാനമന്ത്രി മോദിയോട് എനിക്ക് ഒരു നിര്‍ദ്ദേശമേയുള്ളൂ, ട്രംപിനെ രണ്ട് തവണ സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്താല്‍ മതി' ബോള്‍ട്ടണ്‍ പരിഹസിച്ചു.


പാകിസ്ഥാനെതിരെയും അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തി. ട്രംപിന് കളിക്കാന്‍ മികച്ച കളമൊരുക്കുകയാണ് പാക് സര്‍ക്കാരും സൈനിക മേധാവി അസിം മുനീറും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഡോണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ നൊബേലിന് ശുപാര്‍ശ ചെയ്യുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. നൊബേലിന് അര്‍ഹനാണ് താന്‍ എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുമായി ട്രംപും രംഗത്തെത്തിയിരുന്നു.

Advertisment