/sathyam/media/media_files/2025/04/03/fa27QYsNr7T5cy6L9lXk.jpg)
വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍.
നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം 25 ശതമാനം അധിക തീരുവ കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും.
അധിക തീരുവ സംബന്ധിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01-നുശേഷം (ഇന്ത്യന്‍ സമയം പകല്‍ ഒന്‍പത് മണി) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകുമെന്നാണ് അറിയിപ്പ്.
ഓഗസ്റ്റ് 27 മുതൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് 50 ശതമാനം തീരുവ ബാധകമാകുന്നത്.
നിലവിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത ഉൽപന്നങ്ങൾ സെപ്റ്റംബർ 16നകം യുഎസിൽ എത്തണം. അല്ലാത്തപക്ഷം, സെപ്റ്റംബർ 17 മുതൽ അവയ്ക്കും 50 ശതമാനം തീരുവ ബാധകമായിരിക്കും.