/sathyam/media/media_files/2026/03/04/img183-2026-03-04-23-24-03.png)
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് സ്പെയിൻ വ്യക്തമാക്കിയതോടെ കടുത്ത വ്യാപാര ഉപരോധ ഭീഷണിയുമായി ട്രംപ്. സ്പെയിനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ യുദ്ധത്തിൽ തങ്ങളുടെ മണ്ണിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സ്പെയിനിന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
"ഞങ്ങൾ സ്പെയിനുമായുള്ള എല്ലാ വ്യാപാരവും നിർത്തലാക്കാൻ പോവുകയാണ്. അവരുമായി ഒരു ഇടപാടിനും ഞങ്ങൾ താല്പര്യപ്പെടുന്നില്ല," ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഒരു സൈനിക നീക്കത്തിനും സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ഹൊസെ മാനുവൽ അൽവാരസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച ഇറാനിൽ നടത്തിയ ആക്രമണത്തിന് സ്പെയിനിലെ താവളങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരെയുള്ള ഇസ്രായേൽ-അമേരിക്കൻ നീക്കം അപകടകരവും നീതീകരിക്കാനാവാത്തതുമാണെന്നാണ് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us