/sathyam/media/media_files/2026/03/08/untitled-2026-03-08-14-58-44.jpg)
ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളെ കാത്തിരിക്കുന്നത് എണ്ണക്ഷാമത്തേക്കാള്‍ വലിയ ജലപ്രതിസന്ധിയാണെന്ന് വിദഗ്ധര്‍. മണലാരണ്യത്തിലെ നഗരങ്ങളുടെ ജീവനാഡിയായ കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍ ആക്രമണ ഭീഷണിയിലായതോടെ ദശലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള ലഭ്യത അവതാളത്തിലാകാന്‍ സാധ്യതയുണ്ട്.
കുവൈറ്റില്‍ 90%, ഒമാനില്‍ 86%, സൗദി അറേബ്യയില്‍ 70% എന്നിങ്ങനെയാണ് കുടിവെള്ളത്തിനായി ശുദ്ധീകരിച്ച കടല്‍വെള്ളത്തെ ആശ്രയിക്കുന്നത്. പ്രധാന പ്ലാന്റുകള്‍ തകര്‍ക്കപ്പെട്ടാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നഗരങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടും.
ഫെബ്രുവരി 28-ന് തുടങ്ങിയ സൈനിക നീക്കങ്ങളില്‍ ഇതിനകം തന്നെ ദുബായ് ജബല്‍ അലി, യു.എ.ഇയിലെ ഫുജൈറ, കുവൈറ്റിലെ ദോഹ വെസ്റ്റ് എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ക്ക് സമീപം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മിക്ക ജലശുദ്ധീകരണ പ്ലാന്റുകളും വൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ജലവിതരണത്തെയും നേരിട്ട് ബാധിക്കും.
അയല്‍രാജ്യങ്ങളെ ആക്രമിക്കുമ്പോഴും ഇറാന്റെ സ്വന്തം അവസ്ഥയും പരിതാപകരമാണ്. കടുത്ത വരള്‍ച്ച മൂലം ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലെ ഡാമുകളില്‍ 10 ശതമാനം വെള്ളം മാത്രമാണുള്ളത്. യുദ്ധം നീണ്ടുപോയാല്‍ സ്വന്തം രാജ്യത്തെ ജലപ്രതിസന്ധി ഇറാനെയും തളര്‍ത്തും.
1990-91 ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖ് കുവൈറ്റിലെ ജലശുദ്ധീകരണ സംവിധാനങ്ങള്‍ തകര്‍ത്ത ചരിത്രം ആവര്‍ത്തിക്കുമോ എന്ന ഭീതിയിലാണ് ലോകം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us