/sathyam/media/media_files/2025/09/21/crossing-2025-09-21-15-33-07.jpg)
ജോർദാൻ: രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ട ആക്രമണത്തെത്തുടർന്ന് അടച്ചിട്ട ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കുമായുള്ള അതിർത്തി ക്രോസിംഗ് ജോർദാൻ ഭാഗികമായി വീണ്ടും തുറന്നു. മൂന്ന് ദിവസം മുമ്പ് അടച്ചിട്ട അലൻബി ക്രോസിം​ഗ് യാത്രക്കാർക്ക് മാത്രമായാണ് തുറന്നതെന്നും ചരക്ക്-ട്രക്ക് വാഹനങ്ങൾക്ക് അതുവഴി കടന്നുപോകാൻ നിയന്ത്രണമുണ്ടെന്നും ജോർദാൻ പ്രസ്താവനയിലൂടെ അറിയിച്ചു.
അതിർത്തി തുറന്നതോടെ അതിരാവിലെ മുതൽ ഇരു ദിശകളിലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അൽ-മംലക റിപ്പോർട്ട് ചെയ്തു. 1967 മുതൽ ഇസ്രായേലിന്റെ കൈവശമാണ് ഈ പ്രദേശം.
വെസ്റ്റ് ബാങ്കിലെ പലസ്തീനികൾ വിദേശത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഏക കവാടമാണ് അലൻബി ക്രോസിംഗ്. കഴിഞ്ഞ ദിവസം, ഗാസയിലേക്കുള്ള സഹായവുമായി പോയ ഒരു ജോർദാനിയൻ ട്രക്ക് ഡ്രൈവർ അതിർത്തിയിൽ വെച്ച് ഇസ്രായേലി സൈനികർക്ക് നേരെ വെടിയുതിർക്കുകയും രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.