കൊറിയയില്‍ റോബോട്ട് ആത്മഹത്യ ചെയ്തതെന്തിന്?

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bdew22221-

ദക്ഷിണ കൊറിയയില്‍ റോബോട്ട് സൂപ്പര്‍വൈസര്‍ എന്നു വിളിപ്പേരുള്ള റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്ത് ആദ്യമായാണ് ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത പരക്കുന്നത്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗുമി സിറ്റി കൗണ്‍സിലില്‍ രാവിലെ 9 മുതല്‍ 5 മണിവരെയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന റോബോട്ടിന്റെ ആത്മഹത്യക്കു കാരണം ജോലിഭാരമാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റോബോട്ട് സൂപ്പര്‍വൈസര്‍ തങ്ങളില്‍ ഒരാള്‍ തന്നെയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ജൂണ് 27നു ഉച്ച കഴിഞ്ഞാണ് റോബോട്ട് അസാധാരണമായി പെരുമാറാന്‍ തുടങ്ങിയത്. ഒരേ ഇടത്തു തന്നെ എന്തോ തിരയും പോലെ വട്ടം തിരിഞ്ഞു കൊണ്ടിരുന്നു. അധികം വൈകാതെ 4 മണിയോടെ സ്ററയര്‍കേസിനു കീഴിലേക്ക് വീണ് പ്രവര്‍ത്തനരഹിതമായ നിലയില്‍ റോബോട്ടിനെ കണ്ടെത്തി.ജോലിഭാരം മൂലം റോബോട്ട് ആത്മഹത്യ ചെയ്തുവെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാലിഫോര്‍ണിയന്‍ കമ്പനിയായ ബിയര്‍ റോബോട്ടിക്സ് നിര്‍മിച്ച റോബോട്ട് നിര്‍മിച്ച 2023 ഓഗസ്ററ് മുതലാണ് ദക്ഷിണകൊറിയയില്‍ ജോലി ആരംഭിച്ചത്. മറ്റു കമ്പനികളെല്ലാം റോബോട്ടുകളെ താഴത്തെ നിലയില്‍ മാത്രമാണ് ജോലി ചെയ്യിച്ചിരുന്നതെങ്കില്‍ ഗുമി സിറ്റി കൗണ്‍സിലില്‍ മുകള്‍ നിലയിലും റോബോട്ടുകള്‍ക്ക് പ്രവേശനമുണ്ടായിരുന്നു.

റോബോട്ട് എങ്ങനെ പ്രവര്‍ത്തന രഹിതമായെന്ന തരത്തില്‍ അന്വേഷണം തുടരുകയാണ്. റോബോട്ടിന്‍റെ ഭാഗങ്ങള്‍ എടുത്ത് പരിശോധനകള്‍ തുടരുകയാണ്. ഒരു പക്ഷേ നാവിഗേഷണല്‍ എറര്‍ മൂലമോ പ്രോഗ്രാമിങ് ബഗ് മൂലമോ ആകാം റോബോട്ട് പ്രവര്‍ത്തനരഹിതമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും പ്രവര്‍ത്തനം നിലച്ച റോബോട്ട് സൂപ്പര്‍വൈസറിനു പകരം മറ്റൊന്നിനെ നിയമിക്കാനുള്ള തീരുമാനം സിറ്റി കൗണ്‍സില്‍ നീട്ടി വച്ചിരിക്കുകയാണ്.

പത്ത് ജീവനക്കാരന് ഒരു റോബോട്ട് എന്ന നിലയിലാണ് ദക്ഷിണ കൊറിയയില്‍ റോബോട്ടുകളെ ഉപയോഗിച്ചു വരുന്നത്.

Advertisment
Advertisment