/sathyam/media/media_files/4EOxl7z5dpKcTMHWZ80x.jpg)
അമേരിക്ക: അമേരിക്കയിലെ ടെക്‌സാസിൽ ഇല്ലാത്ത ക്യാൻസറിന് യുവതി കീമോ തെറാപ്പിക്ക് വിധേയയായത് 15 മാസം. ലിസ മൊങ്ക് എന്ന 39 കാരി തെറ്റായ രോഗനിർണയം കാരണം കഠിനമായ ചികിത്സക്ക് വിധേയയാവേണ്ടി വന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. തെറ്റായ രോഗ നിർണയം കാരണം കഠിനമായ ചികിത്സക്കാണ് ഇവർ വിധേയയായത്. കഴിഞ്ഞ വർഷം തുടക്കത്തിലാണ് കടുത്ത വയറുവേദനയെത്തുടർന്ന് ലിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സ്കെഅനുകളിൽ ലിസയുടെ ശരീരത്തിൽ മൂത്രകല്ലുകളും അർബുദത്തിന് സമാനമായ വളർച്ചയും കണ്ടെത്തുകയായിരുന്നു. ഞരമ്പുകളെ ബാധിക്കുന്ന ആൻജിയോ സാർക്കോമ എന്ന കാൻസറാണ് ലിശക്കെന്ന അവരെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർ വിധിയെഴുതി. രോഗത്തെക്കുറിച്ചറിഞ്ഞ ലിസയോട് ഇനി ഒരു വർഷം കൂടിയെ ആയുസുള്ളുവെന്നും ഡോക്ടർ പറഞ്ഞു.
തന്റെ അസുഖം അംഗീകരിച്ച ലിസ തന്റെ അസുഖത്തെക്കുറിച്ചോ ആയുസിനെക്കുറിച്ചോ വീട്ടുകാരെ അറിയിച്ചില്ല. രഹസ്യമായി അവർ ചികിത്സ തുടങ്ങി. തന്റെ മരണശേഷം ലഭിക്കത്തക്ക വിധം മക്കൾക്ക് കത്തുകൾ തയ്യാറാക്കാനും ലിസ ആരംഭിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ കീമോ തെറാപ്പിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. തെറാപ്പിയുടെ പാർശ്വഫലമായി ലിസക്ക് മുടി കൊഴിച്ചിൽ ഉണ്ടാവുകയും, തൊലിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടുകയും, തുടർച്ചയായി ഛർദിയും ക്ഷീണവും അനുഭവിക്കേണ്ടതായും വന്നു.
ഈ വർഷം രണ്ടാം ഘട്ട കീമോയുടെ തുടർച്ചയ്ക്കായി പോയപ്പോഴാണ് ലിസയുടെ ഫയലുകൾ നിരീക്ഷിച്ച നഴ്സ് ലിസയ്ക്ക് കാൻസറില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഫയൽ നിരീക്ഷിച്ച ഡോക്ടർ ലിസയ്ക്ക് കാൻസറല്ല മറിച്ച് ഞരമ്പുവീക്കമാണെന്ന് സ്ഥിരീകരിച്ചു. തുടക്കത്തിൽ ലിസയെ ചികിത്സിച്ച ഡോക്ടർ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെടുകയായിരുന്നു. ഈ ആശുപത്രിയിലെ ജീവനക്കാർ കാൻസർ സ്ഥിരീകരിക്കുന്നതിനായുള്ള ടെസ്റ്റുകൾ നടത്തിയെങ്കിലും റിസൾട്ട് നോക്കാൻ മറന്നതാണ് ഇല്ലാത്ത രോഗത്തിന് ലിസയ്ക്ക് ചികിത്സ തേടേണ്ടതിന് കാരണമായത്.
കാൻസർ ചികിത്സക്കായി ലിസ ഭീമമായ തുക ആശുപത്രിയിൽ അടയ്‌ക്കേണ്ടതായി വന്നു. ചികിത്സക്കായെടുത്ത കടം താൻ മരിക്കുന്നതിന് മുമ്പ് വീട്ടാനുള്ള ശ്രമത്തിലായിരുന്നെന്നും ലിസ പറഞ്ഞു. തനിക്ക് രോഗമില്ലെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പക്ഷെ ഈ കാലഘട്ടത്തിൽ താൻ മാനസികവും ശാരീരികവുമായി അനുഭവിച്ച ബുദ്ധിമുട്ടുകൾ ചെറുതായിരുന്നില്ലെന്നും ലിസ കൂട്ടിച്ചേർത്തു.