ബാങ്കോക്ക്: അഞ്ച് വയസ് പ്രായവും 185 സെന്‍റിമീറ്റര്‍ ഉയരവുമുളള ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പോത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 'കിങ് കോങ്' എന്നു പേരിട്ട പോത്താണ് ഈ ലോക റെക്കോര്‍ഡിന് അര്‍ഹനായത്.
തായ്ലന്‍ഡിലെ നഖോണ്‍ റാച്ചസിമയിലെ നിന്‍ലാനി ഫാമിന്‍റെ ഉടമസ്ഥതയിലുള്ള പോത്താണിത്. സാധാരണ ഗതിയില്‍ പ്രായപൂര്‍ത്തിയായ മറ്റു പോത്തുകളെക്കാള്‍ 20 ഇഞ്ച് ഉയരം കൂടുതലുണ്ട് കിങ് കോങ്ങിന്. 2021 ഏപ്രില്‍ ഒന്നിനു ജനിച്ച നിമിഷം മുതല്‍ കിങ് കോങ്ങിന്‍റെ ശ്രദ്ധേയമായ ഉയരം പ്രകടമായിരുന്നു.
ജനിച്ച ഉടന്‍തന്നെ അതിന്‍റെ അസാധാരണമായ ഉയരം തങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്നാണ് കിങ് കോങ്ങിനെ പരിപാലിക്കുന്ന ചെര്‍പട്ട് വുട്ടി പറയുന്നത്. നിന്‍ലാനി ഫാമിലാണ് കിങ് കോങ് ജനിച്ചത്.
അവന്‍റെ അമ്മയും അച്ഛനും ഇപ്പോഴും ആ ഫാമില്‍ തന്നെയുണ്ട്. എല്ലാ ദിവസവും രാവിലെ ആറുമണിക്കാണ് കിങ് കോങ്ങിന്‍റെ പ്രഭാത കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ഉറക്കം ഉണര്‍ന്നാല്‍ ആദ്യം തന്നെ കുളത്തില്‍ നീണ്ട ഒരു കുളി. അതിന് ശേഷമാണ് ഭക്ഷണം.
ദിനംപ്രതി 35 കിലോഗ്രാം ഭക്ഷണം കഴിക്കുന്ന കിങ് കോങ്ങിന്‍റെ ഇഷ്ട ഭക്ഷണം വൈക്കോല്‍, ചോളം, വാഴപ്പഴം എന്നിവയാണ്. എന്നാല്‍ കിങ് കോങ് ആക്രമണകാരിയല്ല.
കാലുകൊണ്ട് മണ്ണില്‍ മാന്തി കുഴി ഉണ്ടാക്കുന്നതും ആളുകളോടൊപ്പം ഓടുന്നതുമാണത്രേ കക്ഷിയുടെ ഇഷ്ട വിനോദങ്ങള്‍. ഫാമിലെ കരുത്തനായ വലിയൊരു നായ്ക്കുട്ടിയെ പോലെയാണ് അവനെന്നും ഫാം ഉടമ കൂട്ടിചേര്‍ക്കുന്നു