/sathyam/media/media_files/2026/02/06/untitled-2026-02-06-12-17-03.jpg)
ഇസ്ലാമാബാദ്: ഒരു വശത്ത് ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കുകയും രാഷ്ട്രീയമായി എതിര്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ, മറുവശത്ത് ഇന്ത്യന്‍ വംശജനായ ലോകബാങ്ക് അധ്യക്ഷന്‍ അജയ് ബംഗയെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച് പാകിസ്താന്‍.
പാകിസ്താന്റെ ഈ ഇരട്ടത്താപ്പിനെതിരെ വലിയ രീതിയിലുള്ള പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പണത്തിന് വേണ്ടിയുള്ള പാകിസ്താന്റെ 'പുതിയ രീതിയിലുള്ള യാചന' എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ച അജയ് ബംഗയുടെ പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. കുതിരപ്പടയാളികളുടെ അകമ്പടിയോടെയും ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെയുമാണ് അദ്ദേഹത്തെ വരവേറ്റത്. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫിനൊപ്പമുള്ള അജയ് ബംഗയുടെ കൂറ്റന്‍ ബാനറുകളും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു.
പാകിസ്താന്റെ ഈ വരവേല്‍പ്പിന് പിന്നില്‍ തകര്‍ന്നടിയുന്ന സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്താനുള്ള ശ്രമമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 20 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.8 ലക്ഷം കോടി രൂപ) സാമ്പത്തിക സഹായമാണ് പാകിസ്താന്‍ ലോകബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം പാകിസ്താന്റെ ആകെ വിദേശകടം 135 ബില്യണ്‍ ഡോളറാണ് (ഏകദേശം 11 ലക്ഷം കോടി രൂപ). ഇതില്‍ അഞ്ചിലൊന്ന് കടവും ലോകബാങ്കിനോടാണ്. സഹായത്തിനായി ലോകം മുഴുവന്‍ കൈനീട്ടേണ്ടി വരുന്നതില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയുമായുള്ള സിന്ധു നദീജല കരാറില്‍ ലോകബാങ്ക് ഒരു മധ്യസ്ഥനാണ്. കരാര്‍ ഇന്ത്യ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ലോകബാങ്കിന്റെ പിന്തുണ പാകിസ്താന് അത്യാവശ്യമാണ്.
വിഭജന കാലത്ത് സ്വന്തം വീട് ഉപേക്ഷിച്ചു പോകേണ്ടി വന്ന അജയ് ബംഗയുടെ കുടുംബത്തിന്റെ പഴയ രേഖകള്‍ പാക് അധികൃതര്‍ അദ്ദേഹത്തിന് കൈമാറിയതിനെ പലരും വിമര്‍ശിച്ചു. ഇന്ത്യയെ എതിര്‍ക്കുമ്പോഴും വായ്പയ്ക്കായി ഇന്ത്യന്‍ വംശജനായ ഒരാള്‍ക്ക് മുന്നില്‍ കുനിയുന്ന പാക് നിലപാടിനെ സ്വന്തം രാജ്യത്തെ ജനങ്ങളും പരിഹസിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us