കൈവ്: യുഎസിന്റെ 30 ദിവസത്തെ വെടിനിര്‍ത്തലിനോടുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രതികരണത്തെ കൃത്രിമത്വം എന്ന് വിശേഷിപ്പിച്ച് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി.
റഷ്യക്കുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സെലെന്‍സ്‌കി, പുടിന്‍ യഥാര്‍ത്ഥത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിരസിക്കാന്‍ തയ്യാറെടുക്കുകയാണെന്നും എന്നാല്‍ അത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് നേരിട്ട് പറയാന്‍ ഭയപ്പെടുന്നുവെന്നും അവകാശപ്പെട്ടു.
'അദ്ദേഹം ഇപ്പോള്‍ ഒരു തിരസ്‌കരണത്തിന് തയ്യാറെടുക്കുകയാണ്, കാരണം ഈ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന്, ഉക്രേനിയക്കാരെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപിനോട് പറയാന്‍ പുടിന് തീര്‍ച്ചയായും ഭയമാണ്,' ഉക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞു.
പുടിന്‍ യുദ്ധം നിര്‍ത്താന്‍ തയ്യാറാകാത്തതിനാലാണ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് വ്യവസ്ഥകള്‍ വെച്ചിരിക്കുന്നതെന്നും സെലെന്‍സ്‌കി ആരോപിച്ചു.
'ദീര്‍ഘകാല സുരക്ഷയും യഥാര്‍ത്ഥവും വിശ്വസനീയവുമായ സമാധാനവും' സംബന്ധിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തയ്യാറാക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുന്നതിനും വെടിനിര്‍ത്തല്‍ സമയം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.