വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂയോര്‍ക്കില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനിയെ വീണ്ടും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
മംദാനിയെ 'കമ്യൂണിസ്റ്റ്' എന്നും, അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്ക് നഗരം 'കമ്യൂണിസ്റ്റ് നഗരം' ആകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
'ഇത് നമ്മുടെ രാജ്യത്തിന് വളരെ അപകടകരമാണ്,' എന്നും 'ഇത് സംഭവിക്കുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
മംദാനി ഡെമോക്രാറ്റിക് പ്രൈമറിയില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോയെയും പരാജയപ്പെടുത്തി 43.5% വോട്ടുമായി വിജയിച്ചതിനു പിന്നാലെയാണ് ട്രംപ് ഈ വിമര്‍ശനങ്ങള്‍ ശക്തമാക്കിയത്. മംദാനിയെ '100% കമ്യൂണിസ്റ്റ് ലൂണാറ്റിക്' എന്നും, ന്യൂയോര്‍ക്ക് നഗരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവനാണെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലും ആരോപിച്ചു.
മംദാനി ഐസിഇ (ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ്) ഉദ്യോഗസ്ഥരുടെ കുടിയേറ്റ അറസ്റ്റ് നടപടികള്‍ക്ക് സഹകരിക്കില്ലെന്ന് പറഞ്ഞതിനെതിരെയും ട്രംപ് പ്രതികരിച്ചു. 'അവന്‍ അതിന് തടസ്സം സൃഷ്ടിച്ചാല്‍ ഞങ്ങള്‍ അവനെ അറസ്റ്റ് ചെയ്യും. ഈ രാജ്യത്ത് കമ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനം ഇല്ല.
മംദാനിയുടെ പൗരത്വം ചോദ്യം ചെയ്തും ട്രംപ് പരസ്യമായി സംശയം പ്രകടിപ്പിച്ചു, എന്നാല്‍ മംദാനി 2018-ല്‍ അമേരിക്കന്‍ പൗരത്വം നേടിയിട്ടുള്ള നിയമപരമായ പൗരനാണ്.
ട്രംപിന്റെ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി, 'ഞാന്‍ തൊഴിലാളി ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതിനാലാണ് ട്രംപ് എന്നെ ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ ഭീഷണികള്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമനമാണ്,' എന്നും 'ഞങ്ങള്‍ ഈ ഭീഷണികള്‍ക്ക് വഴങ്ങില്ല,' എന്നും മംദാനി വ്യക്തമാക്കി.
മംദാനിയുടെ വിജയത്തോടെ ന്യൂയോര്‍ക്കിലെ രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ട്രംപും റിപ്പബ്ലിക്കന്‍ നേതാക്കളും മംദാനിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്നതും, അദ്ദേഹത്തെ കമ്യൂണിസ്റ്റ് എന്നോ രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്നോ ചിത്രീകരിക്കുന്നതും തുടരുകയാണ്.