/sathyam/media/media_files/2025/09/12/untitled-design-2-2025-09-12-10-28-57.webp)
കോട്ടയം: കേരളത്തിന്റെ സംസ്‌കാരം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ അപലപനീയമാണെന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പത്തുവര്‍ഷം ജനങ്ങള്‍ വിശ്വസിച്ച നിങ്ങളെ ഭരണം ഏല്‍പ്പിച്ചു. ആ പത്തുവര്‍ഷം നിങ്ങള്‍ എന്തു ചെയ്തു എന്ന് മുഖ്യമന്ത്രി സംസാരിക്കാന്‍ തയ്യാറാവണം.
പോലീസിന്റെ ലോക്കപ്പ് മര്‍ദ്ദനങ്ങളുടെയും ക്രൂരതകളുടെയും എണ്ണം ഓരോ ദിവസവും കൂടുകയാണ്. ആശാവര്‍ക്കര്‍മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്നതടക്കമുള്ള പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെപ്പറ്റി സംസാരിക്കാന്‍ ധൈര്യം കാട്ടണം. അതല്ലാതെ ജനങ്ങളുടെ ശ്രദ്ധ തിരിച്ച് അവരെ വിഡ്ഢികളാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കരുത്.
അയ്യപ്പ സംഗമം ഉള്‍പ്പെടെ പറഞ്ഞ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമം. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കേരള വികസനത്തെപ്പറ്റി മാത്രം ചര്‍ച്ച ചെയ്യുന്നതാവണം. അതെപ്പറ്റി സംസാരിക്കാന്‍ ഇടത്-വലത് മുന്നണികള്‍ക്ക് ധൈര്യമുണ്ടാവണം. നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ചെയ്തതും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ വികസനവും കേരളത്തില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും.
വികസനത്തിന്റെ തെളിവുകള്‍ നിരത്തി വീട് വീടാന്തരം ഞങ്ങള്‍ സമ്പര്‍ക്കം ചെയ്യും. ഇന്ത്യയില്‍ എല്ലായിടത്തും ജി.എസ്.ടി. പരിഷ്‌കരണത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കു ലഭിക്കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ വിലക്കയറ്റം അതിരൂക്ഷമായതിനാല്‍ അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കില്ല.
വിലക്കയറ്റം മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഫലമാണ്. യുപിഎ സര്‍ക്കാരിന്റെ അവസാന ആറു വര്‍ഷം വിലക്കയറ്റം അതിരൂക്ഷമായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ കാണുന്ന ശക്തമായ രീതിയിലേക്ക് നമ്മുടെ സമ്പദ് വ്യവസ്ഥ എത്തിയത്. ജിഎസ്ടിയില്‍ വില കുറയുമ്പോള്‍ ആളുകളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കും. അത് സമ്പദ് ഘടനയെ ഉണര്‍ത്തും. സെസ് അടക്കം അധിക നികുതിയും കടവും വാങ്ങി പുതിയ തലമുറയുടെ മുകളില്‍ പോലും കടബാധ്യത കെട്ടിവയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പമ്പയില്‍ നടത്തുന്ന സമ്മേളനത്തെപ്പറ്റി ആദ്യം ബി.ജെ.പി. പറഞ്ഞ സംശയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയും ചോദിച്ചിരിക്കുന്നത്. പത്തുവര്‍ഷം അയ്യപ്പനും ശബരിമലയ്ക്കും എതിരായിരുന്നവര്‍ തെരഞ്ഞെടുപ്പിന് നാലുമാസം മുന്‍പ് ചെയ്യുന്നത് നാടകമാണ് എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ പോലീസ് സ്റ്റേഷനുകള്‍ ഇടിമുറികളായി മാറുകയാണ്.
പോലീസ് ക്രൂരതയില്‍ പ്രതിഷേധിച്ച് ഈ മാസം 15ന് തീയതി എല്ലാ എസ്പി,ഡിവൈ.എസ്.പി ഓഫീസുകളിലേക്കും ബി.ജെ.പി. പ്രതിഷേധ മാര്‍ച്ച് നടത്തും. പോലീസിലെ ക്രിമിനലുകള്‍ അതൊരു ഗുരുതര പ്രശ്നമാണ്. കഴിഞ്ഞ 10 വര്‍ഷത്തിന്റെയും 744 പോലീസുകാര്‍ക്കെതിരെയാണ് ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ത്തത്.
അതില്‍ 18 പോലീസുകാര്‍ക്കെതിരെ മാത്രമാണു നടപടി എടുത്തത്. ശേഷിക്കുന്നവര്‍ ഇപ്പോഴും പോലീസിന്റെ ഭാഗമാണ്. ഇത് ഗൗരവമായി കാണേണ്ടതാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ബി.ജെ.പിയുടെ തീരുമാനമെന്നും രാജീവ് ചന്ദ്രശേഖര്‍ കോട്ടയത്ത് പറഞ്ഞു.