ബെവ്കോ പ്രതിവര്‍ഷം വില്‍ക്കുന്നത് ശരാശരി 51 കോടി കുപ്പി മദ്യം, 90 ശതമാനം കുപ്പികളും വലിച്ചെറിയപ്പെടുന്നു, ഹരിതകര്‍മ്മ സേനയുടെ പക്കല്‍ എത്തുന്ന മദ്യക്കുപ്പികള്‍ ചുരുക്കവും; 20 രൂപ അധികം വാങ്ങുന്നതിനെച്ചൊല്ലിയുള്ള മദ്യപന്മാരുടെ പ്രതിഷേധം ഫലം കാണുമോ?

രാത്രി 9ന് കൗണ്ടര്‍ അടച്ചുകഴിഞ്ഞാല്‍ തിരിച്ചുവന്ന കുപ്പികളുടെ എണ്ണം തിട്ടപ്പെടുത്തേണ്ട അധികഭാരവും തങ്ങളില്‍ വന്നു ചേര്‍ന്നിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം

New Update
d023e7e1-9320-40ee-8d99-0c61deedf16f

കോട്ടയം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന പദ്ധതിയോട് മദ്യപാനികള്‍ മുഖംതിരിച്ചിരിക്കുകയാണ്. 20 രൂപ അധികം വാങ്ങുന്നത് ടച്ചിങ്ങ്സ് വാങ്ങാനുള്ള പണം നഷ്ടമാകുമെന്ന വിലാപം ഉയര്‍ത്തുകയാണ്. എന്നാല്‍, മദ്യക്കുപ്പികൊണ്ടുള്ള മലിനീകരണം പരിസ്ഥിരിക്കു ചെയ്യുന്ന ദോഷം എത്രയോ ഇരട്ടിയാണ്.

Advertisment

പ്രതിവര്‍ഷം 51 കോടി കുപ്പി മദ്യമാണു ബെവ്‌കോ വഴി ശരാശരി വില്‍ക്കുന്നത്. ഇവയില്‍ 90 ശതമാനത്തിലധികം വലിച്ചെറിയപ്പെടുന്നു. പുഴകളിലേക്കും പറമ്പുകളിലേക്കുമെല്ലാം വലിച്ചെറിയപ്പെടുന്ന കുപ്പികള്‍ പരിസ്ഥിതിയെ നശിപ്പിക്കാന്‍ പോന്നതാണ്. തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി മരിച്ചതിനെത്തുടര്‍ന്ന് മാലിന്യം നീക്കിയപ്പോള്‍ കിട്ടിയത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ്. 

ഇവയില്‍ നല്ലൊരു ശതമാനം മദ്യക്കുപ്പികളായിരുന്നു. കുപ്പി തിരിച്ചെടുക്കുന്ന പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന മദ്യപാനികള്‍ ചെയ്യുന്നതു മദ്യപിച്ച ശേഷം കുപ്പ് പൊതുസ്ഥലത്ത് ഉപക്ഷേിച്ചു മടങ്ങുകയാണ്. ബെവ്കോയുടെ ചില്ലറ വില്‍പ്പന ശാലകളുടെ പരിസരത്തു തന്നെ ഇത്തരം മദ്യക്കുപ്പികളുടെ കൂമ്പാരം കാണാം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ മദ്യക്കുപ്പികള്‍ പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്നു. 

ശുദ്ധജലസ്രോതസായ മീനച്ചിലാറും പമ്പയാറും മൂവാറ്റുപുഴയാറുമെല്ലാം ഇന്ന് മദ്യക്കുപ്പികളുടെ നിക്ഷേപ കേന്ദ്രമാണ്. വേമ്പനാട്ടു കായലില്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ആഴവും മത്സ്യ സമ്പത്തും കുറഞ്ഞു.
ഇരുപത് രൂപ അധികം വാങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് മദ്യപാനികളുടെ നിലപാട്. 

അന്‍പത് രൂപയ്ക്ക് ഹരിത കര്‍മ്മ സേന പ്ലാസ്റ്റിക് കുപ്പികള്‍ എടുക്കുമ്പോള്‍ ഒരു കുപ്പിക്ക് 20 രൂപ വാങ്ങിക്കുന്നതില്‍ സര്‍ക്കാരിനോട് പ്രതിഷേധവുമറിയിച്ചാണ് പലരും മദ്യം വാങ്ങി മടങ്ങുന്നത്. എന്നാല്‍, മദ്യക്കുപ്പികള്‍ ഹരിത കര്‍മ്മ സേനയില്‍ എത്തുന്നില്ലെന്നതാണ് വസ്തുത. വീട്ടിലിരുന്നു മദ്യപിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് ഇതിനു കാരണം. പലരും പുറത്ത് എവിടെയെങ്കിലും മദ്യപിച്ച ശേഷം കുപ്പി വലിച്ചെറിയുകയാണ് ചെയ്യുക.

ഒരു വിഭാഗം ബെവ്കോ ജീവനക്കാരും പദ്ധതിക്ക് എതിരാണ്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് വില്‍പനയെ ബാധിക്കുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം. തിരിച്ചെത്തിയ കുപ്പികളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ എടുക്കുന്ന സമയം നീണ്ട നിരയ്ക്കും ഇടയാക്കും. അന്യസംസ്ഥാന തൊഴിലാളികളെ കാര്യം പറഞ്ഞു മനസിലാക്കുവാനും  ജീവനക്കാര്‍ പാടുപെടുന്നു. 

രാത്രി 9ന് കൗണ്ടര്‍ അടച്ചുകഴിഞ്ഞാല്‍ തിരിച്ചുവന്ന കുപ്പികളുടെ എണ്ണം തിട്ടപ്പെടുത്തേണ്ട അധികഭാരവും തങ്ങളില്‍ വന്നു ചേര്‍ന്നിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. അതേസമയം, പദ്ധതി തുടക്കത്തിലെ പ്രതിഷേധങ്ങള്‍ കാരണം സര്‍ക്കാര്‍ ഉപേക്ഷിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Advertisment