കൊച്ചി: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പാടം കുന്നുകാട്ടില്‍ കെ.കെ. സത്യന്‍ (76) എന്നാണ് യഥാര്‍ഥ പേര്. ഒറ്റയ്ക്കായിരുന്നു താമസം. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചപ്പോഴാണ് സമീപവാസികള്‍ അറിഞ്ഞത്. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരം. കരിമ്പാടം സ്‌പോര്‍ട്ടിങ് സ്റ്റാര്‍ ക്ലബിലൂടെയാണ് സത്യന്‍ കളിച്ചു വളര്‍ന്നത്.
1970 മുതല്‍ 1980 വരെ ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്ത സത്യന്‍ ആര്‍മി സപ്ലൈ കോറിനു മിന്നുന്ന ജയങ്ങള്‍ സമ്മാനിച്ചു. എച്ച്.എം.ടി, പ്രീമിയര്‍ ടയേഴ്‌സ്, സര്‍വീസസ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
കുറച്ചു കാലമായി ദാരിദ്ര്യത്തിലായിരുന്നു ജീവിതം. സൈന്യത്തില്‍ നിന്നു വിടുതല്‍ വാങ്ങി പോന്നതിനാല്‍ പെന്‍ഷന്‍ ലഭിച്ചില്ല. മറ്റു വരുമാനങ്ങളുമുണ്ടായിരുന്നില്ല. പ്രളയത്തില്‍ സത്യന്റെ വീട് തകര്‍ന്നിരുന്നു. പിന്നീട് വോളിബോള്‍ പ്രേമികളും താരങ്ങളും പരിശീലകരും ചേര്‍ന്നു രൂപീകരിച്ച കൂട്ടായ്മ സത്യനു വീട് നിര്‍മിച്ചു നല്‍കി. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് തോന്ന്യകാവ് ശ്മശാനത്തില്‍ സംസ്‌കാരം. ഭാര്യ: പരേതയായ സുമം. മകള്‍: ലിബി.