മലപ്പുറം: മലപ്പുറം മുന്‍ എസ്.പി സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിനിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം.
വിഷയത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. അതിജീവിതയുടെ സ്വകാര്യ അന്യായത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ റെയിഞ്ച് ഡി.ഐ.ജിക്ക് പൊന്നാനി മജിസ്ട്രേറ്റ് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്റെ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. പീഡന പരാതിയില്‍ നടപടി വൈകുന്നതിനെത്തുടര്‍ന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊന്നാനി മുന്‍ സി.ഐ വിനോദ്, മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വീട്ടമ്മ പരാതി നല്‍കിയത്.