കണ്ണൂര്‍: കോച്ചുകള്‍ കൂട്ടാതെയും കൃത്യസമയം പാലിക്കാതെയും ഓടുന്ന പരശുറാം എക്‌സ്പ്രസിലെ തിരക്കില്‍ സ്‌കൂള്‍
വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു. ബംഗളുരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാവിലെ എലത്തൂരിലാണ് സംഭവം. വന്ദേഭാരതിന് വേണ്ടി പരശുറാം പിടിച്ചിട്ടപ്പോഴാണ് തിങ്ങിനിറഞ്ഞ ലേഡീസ് കോച്ചില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണത്.
യാത്രക്കാര്‍ വെള്ളം കൊടുത്ത് പെണ്‍കുട്ടിയെ കോഴിക്കോട്ട് ഇറക്കി. ശ്വാസം മുട്ടിപ്പോകുന്ന തിരക്കായിരുന്നു പരശുറാമിലെന്ന് യാത്രക്കാരിയും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ ഷീബ ബാബു പറഞ്ഞു. നാലുമാസത്തിനിടെ പരശുറാം എക്‌സ്പ്രസില്‍ മാത്രം 18 വനിതാ യാത്രക്കാര്‍ തളര്‍ന്നുവീണു. ജനുവരി, ഫെബ്രുവരി മാസത്തില്‍ എട്ട് വിദ്യാര്‍ത്ഥിനികളാണ് തളര്‍ന്നുവീണത്.
പരശുറാമിലെ തിരക്ക് പരിഹരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് റെയില്‍വേ അധികൃതര്‍ മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ അറിയിച്ചിരുന്നു. കോച്ച് കൂട്ടുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ കോച്ച് കൂട്ടിയില്ല. വന്ദേഭാരത് ഉള്‍പ്പെടെ വണ്ടികള്‍ക്കുവേണ്ടി പരശുറാം പിടിച്ചിടുന്നത് തുടരുകയാണ്.