പാലക്കാട്: ചന്ദ്രനഗറില്‍ സീഡ് ഫാം ക്വാട്ടേഴ്‌സില്‍ വീട് കുത്തിത്തുറന്ന് നാലുപവന്‍ സ്വര്‍ണവും 6,000 രൂപയും കവര്‍ന്ന കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതി 35 വര്‍ഷത്തിനുശേഷം പിടിയില്‍.
എടപ്പള്ളി കണ്ടങ്ങാകുളം സ്വദേശിയായ നസീറി(55)നെയാണ് എറണാകുളത്തുനിന്ന് കസബ പോലീസ് അറസ്റ്റുചെയ്തത്.
1989ലാണ് മോഷണം നടന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറിലധികം ഭവനഭേദനക്കേസിലെ പ്രതിയാണ് ഇയാള്‍.
ആളില്ലാത്ത വീടുകള്‍ നോക്കിവച്ച് രാത്രിയിലും പകലും മോഷണം നടത്തും. പാലക്കാട് കസബ പോലീസ് പഴയ കേസുകളില്‍ പിടികിട്ടാപുള്ളികളെ പിടികൂടാനായി പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു.
അതിനോടനുബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് നസീര്‍ പിടിയിലായത്. പാലക്കാട് കസബ സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഹര്‍ഷാദ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ആര്‍. രാജീദ്. എസ്. ജയപ്രകാശ്, സെന്തിള്‍കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.