വടകര: മടപ്പള്ളിയില്‍ കോളജ് വിദ്യാര്‍ത്ഥികളെ സീബ്രലൈനില്‍ നിന്ന് സ്വകാര്യ ബസ് ഇടിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അയ്യപ്പന്‍ ബസാണ് വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തിയത്.
സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഉടനെ ഡ്രൈവറും കണ്ടക്ടറും ബസില്‍ നിന്നിറങ്ങി ഓടുന്നതും ദൃശ്യത്തിലുണ്ട്. പത്തോളം വിദ്യാര്‍ത്ഥികളാണ് സീബ്ര ലൈന്‍ മുറിച്ച് കടന്നത്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.
വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ചോമ്പാല പൊലീസ് കേസെടുത്തു. ഇന്നലെയാണ് സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന മൂന്നു വിദ്യാര്‍ത്ഥികളെ കുതിച്ചെത്തിയ സ്വകാര്യ ബസ് ഇടിച്ചത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരിക്കേറ്റത്.