കോട്ടയം: കല്യാണമെത്തിയാല്‍ സേവ് ദ ഡേറ്റ് എടുക്കണം. അതാണല്ലോ ഇപ്പോള്‍ ട്രെന്‍ഡ്. എന്നാല്‍, ചെക്കന്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനും പഞ്ചായത്തംഗവുമാണ്. സാധാരണ ടെംപ്ലേറ്റുകള്‍ ഒന്നും വേണ്ട. ഒരു വെറൈറ്റി പിടിച്ചാലോ എന്നു ഒരു ചിന്ത.
ബിജുമേനോന്‍ നായകനായെത്തിയ വെള്ളിമൂങ്ങ സിനിമ സ്റ്റൈല്‍ ഒരു പ്രണയകഥ. നായകന്‍ കോട്ടയത്തെ തിടനാട് പഞ്ചായത്ത് വാരിയനിക്കാട് വാര്‍ഡ് അംഗം ഷെറിന്‍ ജോസഫ് പെരുമാംകുന്നേലും വധു ജോയ്സിയുമാണ് തങ്ങളുടെ സേവ് ദ ഡേറ്റ് വീഡിയോ വറൈറ്റിയാക്കിയത്. വീട്ടുകാരും നാട്ടുകാരും അഭിനേതാക്കളായി.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റുമായി. തന്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എമ്മിനോടുള്ള സ്നേഹനവും ഷെറിന്‍ സേവ് ദ ഡേറ്റില്‍ വ്യക്തമാക്കുന്നുണ്ട്. വീഡിയോയില്‍ വൈദികനായി വേഷമിട്ടത് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സ്‌കറിയാച്ചന്‍ പൊട്ടനാനിയില്‍, ബന്ധുക്കള്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചേറ്റുതോട് പള്ളിയും പരിസരവുമാണ് ലൊക്കേഷന്‍. വീഡിയോയുടെ പേര്- മെമ്പര്‍ 'തൊമ്മന്റെ ഉജ്വല വിജയം'. സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് വീഡിയോയ്ക്കു ലഭിക്കുന്നത്.
വീഡിയോ വയറലായതിനു പിന്നാലെ വെള്ളി മൂങ്ങാ സിനിമയിലെ നായകന്‍ ബിജു മേനോന്‍ തന്നെ നേരിട്ട് ഫോണ്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു എന്നു ഷെറിന്‍ പറയുന്നു. മെമ്പര്‍ പണിയുമായി നടന്നാല്‍ മതി, അഭിനയം ഒക്കെ ഞങ്ങള്‍ നടത്തിക്കോളാം എന്ന് താമശ രീതിയില്‍ അദ്ദേഹം പറഞ്ഞുവെന്നും അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും ഷെറിന്‍ പറയുന്നു.
നിഷ ജോസ് കെ. മാണിയും സേവ് ദ ഡേറ്റ് വീഡിയോ വിവാഹത്തിന് ഉറപ്പായുമെത്തുമെന്ന ക്യാപ്ഷനോടെ പങ്കുവച്ചിട്ടുണ്ട്.