തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇതേത്തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ച തീവ്രമഴയ്ക്കും എറണാകുളം ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമം പ്രഖ്യാപിച്ചു.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ളതിനാല്‍ മലിയോര മേഖലകളിലേക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാനും നിര്‍ദ്ദേശമുണ്ട്.
പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയാറാകണം. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.