കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് നിയമസഭയില്‍  അംഗീകരിച്ച് ആരോഗ്യമന്ത്രി

ചികിത്സയില്‍ പിഴവുവരുത്തിയ ഡോക്ടര്‍ക്കെതിരെ സൂര്യാസ്തമയത്തിന് മുമ്പ് നടപടി സ്വീകരിച്ചെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

New Update
63563535

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചികിത്സയില്‍ പിഴവുവരുത്തിയ ഡോക്ടര്‍ക്കെതിരെ സൂര്യാസ്തമയത്തിന് മുമ്പ് നടപടി സ്വീകരിച്ചെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Advertisment

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം പിഴവുകള്‍ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാപകശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലഘട്ടത്തെ അപേക്ഷിച്ച് ചികിത്സാ പിഴവുകള്‍ കുറഞ്ഞിട്ടുണ്ടെന്നും മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടത്.
 
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റെര്‍വെന്‍ഷനും സര്‍ജിക്കല്‍ പ്രോസീജിയറും നടക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് കോട്ടയം മെഡിക്കല്‍ കോളജ്. 2023ല്‍ രാജ്യത്ത് സൗജന്യ ചികിത്സ നടക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒന്നാം സ്ഥാനം ലഭിച്ചതും കോട്ടയം മെഡിക്കല്‍ കോളജിനാണ്. എന്നാല്‍ ചികിത്സയിലുണ്ടാകുന്ന പിഴവ് തെറ്റായിത്തന്നെ കാണും. 

കര്‍ശന നടപടിയും സ്വീകരിക്കും. കുട്ടിയുടെ കൈവിരലിനുള്ള ശസ്ത്രക്രിയക്ക് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തത് തെറ്റാണ്. അത് തെറ്റായിത്തന്നെ കണ്ടുകൊണ്ട് അതേദിവസം സൂര്യനസ്തമിക്കുന്നതിന് മുമ്പുതന്നെ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കേരളത്തില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ഇത്തരം സംഭങ്ങള്‍ ഉണ്ടാകുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാപക പ്രചരണം നടക്കുകയാണ്. 

ഇത്തരം ചികിത്സാപ്പിഴവ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് പാടില്ല എന്നതാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. യു.ഡി.എഫ്. ഭരണകാലത്ത് ആരോഗ്യവകുപ്പില്‍ അഞ്ചും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പന്ത്രണ്ടും മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരം പിഴവുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അത് സര്‍ക്കാര്‍ എടുത്ത നടപടികള്‍ മൂലമാണ്. 

കൈയ്യില്‍ നിന്നും കാശെടുത്ത് രോഗിയെ വീട്ടിലെത്തിക്കുന്ന ഡോക്ടര്‍മാര്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിലുണ്ട്. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും വീണാ ജോര്‍ജ് പറഞ്ഞു.