Advertisment

ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; ബസിനടിയില്‍ നിന്ന് സ്വയം എഴുന്നേറ്റുവന്ന് പെണ്‍കുട്ടി, തിരിഞ്ഞുനോക്കാതെ ബസ് ജീവനക്കാര്‍

കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് തെറിപ്പിച്ചത്.

New Update
474673463

കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ അതീവ ശ്രദ്ധയോടെ റോഡ് മുറിച്ചുകടന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്. പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

Advertisment

ഇക്കഴിഞ്ഞ ഏഴിന് വൈകിട്ടാണ് സംഭവം. ചെറുവണ്ണൂര്‍ സ്‌കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വച്ചാണ് ഫാത്തിമ റിനയെ ബസ് ഇടിച്ചത്. ബസ് ഇറങ്ങിയശേഷം വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുകയായിരുന്നു ഫാത്തിമ. സീബ്ര ലൈനിലൂടെ ഇരുവശത്തും നോക്കി ശ്രദ്ധയോടെയാണ് ഫാത്തിമയെ റോഡ് 

മുറിച്ചുകടന്നത്. 

കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോയ ബസാണ് അമിത വേഗതയിലെത്തി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ ബസിനടിയിലേക്ക് വീണുപോയി. എല്ലാവരും ആഘാതത്തില്‍ നില്‍ക്കവെ ഫാത്തിമ ബസിനടിയില്‍ നിന്ന് സ്വയം എഴുന്നേറ്റുവരികയായിരുന്നു. 

ഫാത്തിമയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീര വേദനയുണ്ടായിരുന്നെങ്കിലും ഗുരുതര പരിക്കുകളില്ല. പക്ഷേ ബസ് ഉടമയോ ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്ന് ഫാത്തിമ പറഞ്ഞു. അമിത വേഗതയില്‍ വന്ന ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഫാത്തിമയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും ഡ്രൈവറോടും ബസ് ഉടമയോടും ഇന്ന് ഹാജരാകാന്‍ പറഞ്ഞിട്ടുണ്ടെന്നും ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്നും എം.വി.ഡി. ഡി. ശരത് അറിയിച്ചു.

Advertisment