കാഞ്ഞിരപ്പള്ളി: ബസ് യാത്രയ്ക്കിടെ ആറു വയസുകാരിയെ മാതാപിതാക്കള്‍ മറന്നെങ്കിലും നാട്ടുകാര്‍ രക്ഷകരായി മാറി.
ഇന്നലെ വൈകിട്ട് 5:30ന് കാഞ്ഞിരപ്പള്ളി ബസ്റ്റാന്‍ഡില്‍ നിന്നും കുമളിക്ക് പോയ കൊണ്ടോടി ട്രാവല്‍സില്‍ പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും കയറിയെങ്കിലും ബാലികയെ കൂടെ കൂട്ടാന്‍ ഇവര്‍ മറന്നുപോയി.
ഭയന്ന് വിറച്ച് എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ട് നിന്ന ബാലികയെ കണ്ട് ബസ് സ്റ്റാന്‍ഡിലെ വ്യാപാരികള്‍ ബസ് സ്റ്റാന്‍ഡിലെ ടൈം കീപ്പിങ് ഏജന്റായ പി.കെ. കാസിമിനെ വിവരമറിയിക്കുകയായിരുന്നു. കാസിം ഉടന്‍ തന്നെ മാതാപിതാക്കളും ബന്ധുക്കളും കയറിപ്പോയ ബസ് ജീവനക്കാരുമായി ബന്ധപ്പെടുകയും കൂടാതെ മുണ്ടക്കയം പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
പാതിവഴിയില്‍ ബാലികയുടെ പിതാവിനെ ബസുകാര്‍ കാഞ്ഞിരപ്പള്ളിയിലേക്ക് തിരികെ അയച്ച് പെണ്‍കുട്ടിയെ ബസ്റ്റാന്‍ഡില്‍ എത്തി കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഇതരസംസ്ഥാനക്കാരായ മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിക്ക് ഭാഷ അറിയത്തില്ലാത്തതിനാല്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും ഏറെ വിഷമിച്ചു.