തൃശൂര്‍: കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവച്ചു. ഡി.സി.സി. ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ തോല്‍വിയെയും തുടര്‍ന്ന് ഡി.സി.സി. ഓഫീസുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നുമാണ് രാജി.
ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍ എം.പി. വിന്‍സെന്റും രാജി വച്ചിട്ടുണ്ട്. ഡി.സി.സി. ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുകയാണെന്ന് എം.പി. വിന്‍സെന്റ് അറിയിച്ചു.
കെ. മുരളീധരന്റെ തോല്‍വിയും തുടര്‍ന്ന് ഡി.സി.സി. ഓഫീസിലുണ്ടായ കൂട്ടയടിയിലും ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, എം.പി. വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എ.ഐ.സി.സി. നിര്‍ദേശം കെ.പി.സി.സി. ഇരു നേതാക്കളെയും അറിയിക്കുകയായിരുന്നു.
ഡി.സി.സി. ഓഫീസ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇരു നേതാക്കള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് നേതൃത്വം വിലയിരുത്തി. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല നല്‍കാനാണ് തീരുമാനം.