/sathyam/media/media_files/J5nVE0JQtVj8UHQwM6KU.jpg)
കരുനാഗപ്പള്ളി: ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍.
കുലശേഖരപുരം കോട്ടയ്ക്കപുറം അനന്തുഭവനത്തില്‍ അനന്തു (22), ക്ലാപ്പന ഈരിക്കല്‍ തറവരവിള അതുല്‍ ബാബു (21), ആദിനാട് തെക്ക് പുത്തന്‍കണ്ടത്തില്‍ സന്ദീപ് (23), തൃക്കരുവ പ്ലാക്കോണം കുളത്തുംകരവീട്ടില്‍ അക്ഷയ്കുമാര്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഓച്ചിറ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടന്‍പാട്ടിനൊപ്പം പ്രതികള്‍ നൃത്തം ചെയ്തത് ക്ലാപ്പന സ്വദേശിയായ ഹരീഷിന്റെ കൂട്ടുകാരനായ അഖിലിന്റെ ദേഹത്ത് തട്ടിയതിനെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം അടിപിടിയിലെത്തി. ഹരീഷിന്റെ മറ്റൊരു സുഹൃത്തായ വിഷ്ണുവിന് പരിക്കേറ്റു. ഹരീഷും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ കോളഭാഗത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതരാവസ്ഥയിലുള്ള ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഹരീഷും സുഹൃത്തുക്കളും ശ്രമിക്കവെ പ്രതികള്‍ ബൈക്കില്‍ എത്തി. വാക്കുതര്‍ക്കത്തില്‍ അനന്തു കത്തി ഉപയോഗിച്ച് അഖിലിന്റെ വാരിയെല്ലിന് കുത്തുകയായിരുന്നു. നിലത്തുവീണിട്ടും ഇയാള്‍ നെഞ്ചിലും കാലുകളിലുമായി തുടരെ കുത്തി. അഖിലിന്റെ സ്ഥിതി ഗുരുതരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us