വയനാട്: സിനിമ സംവിധായകന്‍ പ്രകാശ് കോളേരി(65)യെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേല്‍ വീട്ടില്‍ ഒറ്റയ്ക്കാണ് പ്രകാശ് താമസിക്കുന്നത്.
ചൊവാഴ്ചയാണ് സംഭവം. പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.
അവിവാഹിതനായ പ്രകാശ് പിതാവ് കുമാരന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന താമസം. ചലച്ചിത്രമേഖലയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രകാശ് കോളേരി ആറ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധാനത്തിന് പുറമെ നിര്‍മാതാവായും തിരക്കഥ, ഗാനരചന, സംഗീതം, സംഭാഷണം എന്നീ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായ് എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്ത് തുടക്കമിട്ടത്.
അവന്‍ അനന്തപത്മനാഭന്‍ (1994), വരും വരാതിരിക്കില്ല, ദീര്‍ഘസുമംഗലീഭവ (1988), വലതുകാല്‍വച്ച് (2006), പാട്ടുപുസ്തകം (2004) എന്നിവയാണ് സംവിധാനം ചെയ്ത മറ്റുസിനിമകള്‍. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.