കുണ്ടറയില്‍ വാര്‍ഡ് മെമ്പര്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യചെയ്ത നിലയില്‍; മൃതദേഹം കണ്ട ഭാര്യ കൈ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയില്‍

ബുധനാഴ്ച വെളുപ്പിന് 3.30ന് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയാണ് ഇയാളെ കണ്ടത്

New Update
355555

കൊല്ലം: കുണ്ടറയില്‍ പോക്സോ കേസ് ഇരയുടെ പിതാവ് ആത്മഹത്യചെയ്ത നിലയില്‍. മാതാവിനെ കൈഞരമ്പ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

ബുധനാഴ്ച വെളുപ്പിന് 3.30ന് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയാണ് ഇയാളെ കണ്ടത്. പിന്നാലെ, ഇവര്‍ മൂത്ത മകളുടെ ഭര്‍ത്താവിനെ മൊബൈലില്‍ വിളിച്ച് സംഭവം അറിച്ചു. ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2024 ഫെബ്രുവരി രണ്ടിനാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് മിസിങ്ങിന് കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

കൂടുതല്‍ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊറ്റംകര ഗ്രാമപഞ്ചായത്ത് കേരളപുരം വാര്‍ഡ് മെമ്പര്‍ മണിവര്‍ണനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊട്ടിയം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍: 1056, 0471-2552056)

Advertisment