തിരുവനന്തപുരം: കാഞ്ഞാമ്പാറയില്‍ പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലു വയസുകാരന്റെ ആത്മഹത്യാ ഭീഷണി.
വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയാണ് കോലിയക്കോടിനു സമീപം കാഞ്ഞാമ്പാറ സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി 220 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യതി ടവറില്‍ കയറിയത്. വിദ്യാര്‍ഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാര്‍ക്ക് കുറവായതിനാല്‍ അമ്മ വഴക്കു പറഞ്ഞു.
ഇതില്‍ പ്രകോപിതനായ കുട്ടി സ്‌കൂളിലേക്കെന്നു പറഞ്ഞിറങ്ങി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വീട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വെഞ്ഞാറമ്മൂടു നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി വളരെ സാഹസികമായി കുട്ടിയെ താഴെയിറക്കുകയായിരുന്നു.